കായികപ്രേമികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് വെള്ളൂർ ഇറുമ്പയം പെരുന്തട്ട് ആധുനിക സ്റ്റേഡിയം
1601337
Monday, October 20, 2025 7:25 AM IST
വെള്ളൂർ: വൈക്കത്തെ കായികപ്രേമികളുടെ കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് വെള്ളൂർ ഇറുമ്പയം പെരുന്തട്ട് ആധുനിക സ്റ്റേഡിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ചാണ് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന വിധത്തിൽ ഒരേക്കറിലധികം സ്ഥലത്ത് സ്റ്റേഡിയം ഒരുക്കുന്നത്. സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായി. ഫ്ലെഡ് ലൈറ്റ് സംവിധാനത്തോടുകൂടിയ സ്റ്റേഡിയത്തോട് ചേർന്ന് ഓപ്പൺ ജിമ്മും സജ്ജീകരിക്കുന്നുണ്ട്.
കായികതാരങ്ങൾക്ക് വസ്ത്രംമാറാൻ ചേഞ്ചിംഗ് റൂം, ടൊയ്ലറ്റ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.29ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സ്റ്റേഡിയം നാടിന് സമർപ്പിക്കും. സി.കെ. ആശ എംഎൽഎ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി പെരുന്തട്ട് കമ്യൂണിറ്റിഹാളിൽ നടന്ന സ്വാഗതസംഘം യോഗം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എംഎൽഎ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക ചെയർമാനും വാർഡ് മെംബർ കെ.എസ്. സച്ചിൻ കൺവീനറായും വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി മോഹൻ, പഞ്ചായത്തംഗം ലൂക്ക് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.