കര്‍ഷകര്‍ മുട്ടത്തുകടവിൽ റോഡ് ഉപരോധിച്ചു : കുറിച്ചിയിലെ നെല്ലുസംഭരണം തീരുമാനമായില്ല; ആശങ്കയായി വേനല്‍മഴ
1416208
Saturday, April 13, 2024 6:41 AM IST
ചങ്ങനാശേരി: കുറിച്ചി മന്ദിരം കവല -മുട്ടത്തുകടവ് -കരുനാട്ടുവാല റോഡരികില്‍ കൊയ്തുകൂട്ടിയ നെല്ല് കുന്നുകൂടി കിടക്കുന്നു. കുറിച്ചി പഞ്ചായത്തിലെ നാല്പതേക്കര് വരുന്ന കാരിക്കുഴി, കക്കുഴി, പാലച്ചാല്‍ പാടശേഖരത്തില്‍ നിന്നും കൊയ്ത നെല്ലാണ് ഈ റോഡിന്റെ വശങ്ങളില് കൂട്ടിയിട്ടിരിക്കുന്നത്.
അമ്പതോളം വരുന്ന നെല്ക്കൂനകള് പ്ലാസ്റ്റിക് പടുത പുതപ്പിച്ച് കര്‍ഷകര്‍ കാവലിരിക്കുകയാണ്. പണയംവച്ചും വായ്പയെടുത്തും ചോര നീരാക്കി മുപ്പതിലധികം കര്‍ഷകര്‍ കൊയ്തുകൂട്ടിയ നെല്ലാണ് അധികൃതരുടെ നിസംഗ നിലപാടില്‍ റോഡരികില്‍ കൂടിക്കിടക്കുന്നത്.
ഇന്നലെ വൈകുന്നേരം പെയ്ത മഴ കര്‍ഷകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. നൂറുകിലോയ്ക്ക് മില്ലുകാര്‍ ആറുകിലോ കിഴിവ് ചോദിക്കുന്നതാണ് നെല്ല് സംഭരണം വൈകാന്‍ കാരണമായിരിക്കുന്നത്. നെല്ലു കൊയ്ത് റോഡരികില്‍ കൂട്ടിയിട്ടിട്ട് ഒമ്പതു ദിവസമായെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ ദീപികയോടു പറഞ്ഞു.
കിഴിവിന്റെ പേരിൽ തര്‍ക്കിച്ചു മില്ലുകാര്‍ നെല്ലുസംഭരണം വൈകിക്കുമ്പോള്‍ പാഡി അധികൃതര്‍ നിസംഗ നിലപാട് സ്വീകരിക്കുന്നതിനെതിരേ കുറിച്ചി മുട്ടത്തുകടവില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.
നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് രാജന് സാമുവല്‍ അധ്യക്ഷത വഹിച്ചു. നെല്ല് സംഭരണത്തിന് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സത്യഗ്രഹം, എംസി റോഡ് ഉപരോധം ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കുമെന്ന് സെക്രട്ടറി ടി.സി. രാജപ്പന് പറഞ്ഞു.