ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ കയറാതെ ബസുകള്‍; യാത്രക്കാര്‍ക്ക് ദുരിതം
1416225
Saturday, April 13, 2024 6:56 AM IST
ചങ്ങനാശേരി: ചില കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ചങ്ങനാശേരി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ വൈമനസ്യം. ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കു ദുരിതം. രാത്രി പത്തുവരെ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്ന് കര്‍ശന നിബന്ധന നിലനില്‍ക്കുമ്പോഴാണ് ഡ്രൈവര്‍മാര്‍ റോഡില്‍ ബസ് നിര്‍ത്തി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നത്.
ചില ലോ ഫ്ളോര്‍ ബസുകള്‍ പകല്‍സമയവും ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ട്.
രാത്രി ഏഴു കഴിഞ്ഞാല്‍ കോട്ടയം ഭാഗത്തേക്കും തിരുവല്ല ഭാഗത്തേക്കുമുള്ള ബസുകളില്‍ ഭൂരിപക്ഷവും റോഡരികില്‍ നിര്‍ത്തുകയാണ് പതിവ്. ഇത് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്കു വലിയ ബുദ്ധിമുട്ടിനു കാരണമാകുന്നതിനൊപ്പം എംസി റോഡിൽ ഗതാഗതക്കുരുക്കിനും വഴിവയ്ക്കുന്നുണ്ട്.
ചില ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ റോഡില്‍ നിര്‍ത്തുന്നെന്ന പരാതി ഡിപ്പോ അധികൃതര്‍ക്കും കെഎസ്ആര്‍ടിസി മാനേജ്മെന്റിനും നല്‍കിയിട്ടും ഫലമുണ്ടാകുന്നില്ലെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.