മാലിന്യം നിറഞ്ഞ് നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരം
1423526
Sunday, May 19, 2024 6:55 AM IST
കോട്ടയം: നാഗമ്പടം ബസ്സ്റ്റാന്‍ഡിലും പരിസരത്തും മാലിന്യങ്ങള്‍ നിറയുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്തിന്റെ ശുചീകരണത്തിനായി ജീവനക്കാരുണ്ടെങ്കിലും ശുചീകരണം നടക്കുന്നില്ലെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി.
പ്ലാസ്റ്റിക്, ഭക്ഷണാവശിഷ്ടം തുടങ്ങിയ മാലിന്യങ്ങളാണ് ഓടയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വലിച്ചെറിയുന്നത്. ഓടയിലെ മലിനജലവും ഭക്ഷണാവശിഷ്ട മാലിന്യങ്ങളും കാരണം പ്രദേശം ദുര്‍ഗന്ധ പൂരിതമാണ്. മഴക്കാലം ആരംഭിച്ചതോടെ മഴവെള്ളം മാലിന്യത്തില്‍ കലർന്നു പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്.
രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്‍ഡ് പരിസരം ഭിക്ഷാടകരുടെയും ലഹരി മാഫിയയുടെയും താവളമാവുകയാണ്. ഭിക്ഷാടകരും ലഹരിമാഫിയയും ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. അധികാരികള്‍ ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.