കാശില്ലാതെ തുഴച്ചില്‍ നടക്കില്ല; കുമരകത്തുനിന്ന് രണ്ടു ടീമുകള്‍ മാത്രം
1436458
Monday, July 15, 2024 11:30 PM IST
കുര്യന് കുമരകം
കോട്ടയം: പണമെറിയാതെ ചുണ്ടനില്‍ തുഴയെറിയാനാവില്ലെന്നതാണ് വള്ളംകളിക്കാരുടെ അനുഭവം. ഒരേസമയം നാലഞ്ചു ടീമുകള്‍ വിവിധ ചുണ്ടനുകളില്‍ ആലപ്പുഴ പുന്നമടക്കായലിലെത്തി പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ച പാരമ്പര്യം കുമരകത്തിനുണ്ട്. ആ പ്രതാപമൊക്കെ കൈമോശം വന്നുപോയിരിക്കുന്നു. ഇക്കുറി നെഹ്റു ട്രോഫി പോരാട്ടത്തില്‍ കുമരകത്തുനിന്നുണ്ടാകുക ഏറിയാല്‍ രണ്ട് ചുണ്ടന് വള്ളങ്ങള്‍. ആഴ്ചകള്‍ നീളുന്ന പരിശീലനത്തിന്റെ ചെലവു താങ്ങാനാവുന്നില്ലെന്നതാണ് ടീമുകളുടെ പ്രധാന പരിമിതി.
ആലപ്പുഴയില്‍ മാത്രമല്ല നെഹ്റു ട്രോഫിക്കു മുന്നോടിയായി കുമരകം മുത്തേരിമടയാറ്റില്‍ അരങ്ങേറുന്ന ട്രയല്വള്ളംകളി നാട്ടുകാര്‍ക്കൊക്കെ ഹരമായിരുന്നു. ഒരേ കരക്കാരും ക്ലബുകാരും പല ചുണ്ടനുകളില്‍ നടത്തുന്ന പരിശീലനത്തുഴച്ചില്‍ കാണാന്‍ നാട്ടുകാര്‍ ഒന്നുചേര്‍ന്നിരുന്നു. ആരു ജയിച്ചാലും കുമരകത്തിന് അഭിമാനം എന്ന ഭാവത്തിലായിരുന്നു ഈ തുഴച്ചില്‍.
പുന്നമട ജലപൂരത്തിന് മുന്‍പുള്ള ഞായറാഴ്ച പതിവായിരുന്ന കുമരകം മുത്തേരിമടയാറ്റിലെ പരിശീലന തുഴച്ചില്‍ ഒരു പ്രാദേശിക ജലോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. കുമരകത്തെ സൗഹൃദപ്പോരിന് മുത്തേരിമട പൂരം എന്നൊരു പേരും വന്നു.
ഇക്കുറി മുത്തേരിമടയില്‍ ആവേശം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് വള്ളംകളി പ്രേമികള്‍. കുമരകത്തുനിന്ന് ഇക്കൊല്ലം കുമരകം ടൗണ്‍ ബോട്ട് ക്ലബും കുമരകം ബോട്ട് ക്ലബും മാത്രമാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കാനുണ്ടാകുക.
പേരും പെരുമയുമുള്ള നടുഭാഗം ചുണ്ടനുമായാണ് ടൗണ്‍ ബോട്ട് ക്ലബ് വരുന്നത്. സുനീഷ് നന്ദികണ്ണന്തറയാണ് ടീമിനെ നയിക്കുന്നത്. കുമരകം ബോട്ട് ക്ലബ് പങ്കെടുക്കുന്നത് ഏത് ചുണ്ടനിലാണെന്നത് തീരുമാനമായിട്ടില്ല. രണ്ട് ഹാട്രിക് ഉള്‍പ്പെടെ ഏഴു തവണ കപ്പില്‍ മുത്തമിട്ട ചരിത്രം കുമരകം ബോട്ട് ക്ലബിനുണ്ട്. നല്ലാനിക്കല്‍ പാപ്പച്ചനാണ് ക്യാപ്റ്റന്‍.
കുമരകത്ത് നിന്നു കഴിഞ്ഞ വര്‍ഷം പങ്കെടുത്ത മറ്റു മൂന്ന് ക്ലബുകള്‍ ഇത്തവണ പിന്മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം മത്സരശേഷം തുഴച്ചില്‍കാര്‍ക്ക് പണം നല്കാത്തതിനാല് പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയ സാഹചര്യവുമുണ്ടായി.