ചരമവാർഷികാചരണം നാളെ
1436595
Tuesday, July 16, 2024 11:42 PM IST
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും ജില്ലാ കോണ്‍ഗ്രസ് കമ്മി റ്റിയുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ നാളെ ആചരിക്കും.
പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ കുര്‍ബാന, കബറിങ്കലും വീട്ടിലും ധൂപപ്രാര്‍ഥന, കബറിങ്കല്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം, ദീപശിഖാ പ്രയാണം, അനുസ്മരണ പദയാത്ര, വിവിധ സഹായ പദ്ധതികളുടെ വിതരണം എന്നിവ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
അനുസ്മരണ സമ്മേളനം
ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
10ന് പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും. മലങ്കര ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, സ്വാമി മോക്ഷവൃതാനന്ദ, പെരുമ്പടവം ശ്രീധരന്, കര്‍ണാടക ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണം നടത്തും. ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന - ഗോള്‍ ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍ഹിക്കും. പുതുപ്പള്ളി മണ്ഡലത്തിലെ 1,000 വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണവും സമ്മേളനത്തോടനുബന്ധിച്ചു വിതരണം ചെയ്യും.
എല്ലാ ബൂത്തുകളിലും പുഷ്പാര്‍ച്ചന
ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിക്കും. രാവിലെ ഒമ്പതിന് 1,564 ബൂത്തുകളിലും ഉമ്മന്‍ ചാണ്ടിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. ഉച്ചകഴിഞ്ഞു മൂന്നിനു മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന അനുസ്മരണസമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് അധ്യക്ഷതവഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. 18, 19 തീയതികളില്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ, വ്യക്തിജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളിച്ചു 100 ചിത്രങ്ങളുടെ പ്രദര്‍ശനവും മാമ്മന്‍ മാപ്പി ഹാളിൽ നടത്തും.