യുവാവിന്റെ ചികിത്സയ്ക്കായി സമാഹരിച്ച തുക കുടുംബത്തിനു കൈമാറി
1436650
Wednesday, July 17, 2024 2:15 AM IST
കുറുപ്പന്തറ: നിര്‍ധന കുടുംബത്തിലെ യുവാവിന്റെ ചികിത്സയ്ക്കായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സമാഹരിച്ച 22 ലക്ഷത്തോളം രൂപ കുടുംബത്തിന് കൈമാറി. അപൂര്‍വരോഗം ബാധിച്ച് അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന മാഞ്ഞൂര്‍ പഞ്ചായത്ത് മൂശാരിപറമ്പില്‍ പ്രശോഭ് പുരുഷോത്തമന്റെ (20) ചികിത്സയ്ക്കായിട്ടാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ 18 വാര്‍ഡുകളിലും നിന്നു ചികിത്സാ സഹായം സമാഹരിച്ചത്.
പ്രശോഭിനായി നാടൊന്നാകെ നടത്തിയ ധനസമാഹരണത്തിലൂടെ 21,90,316 രൂപയാണ് ഒറ്റ ദിവസം കൊണ്ട് സ്വരൂപിച്ചത്. എംഎല്‍എ രക്ഷാധികാരിയായി ചികിത്സാ സഹായനിധി കമ്മിറ്റിയും രൂപീകരിച്ചിരുന്നു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി നടന്ന ധനസമാഹരണത്തിന് അതത് വാര്‍ഡ് മെംബര്‍മാര്‍ നേതൃത്വം നല്കി.
ചികിത്സാസഹായ നിധി സമാഹരണത്തിനായി രൂപീകരിച്ച ബാങ്ക് അക്കൗണ്ടിലേക്കു 2.50 ലക്ഷത്തോളം രൂപ വേറേയും ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലീ രവീന്ദ്രന് സഹായധനത്തിന്റെ ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ജനപ്രതിനിധികളായ സുനു ജോര്‍ജ്, ലൂക്കോസ് മാക്കീല്‍, സി.എം. ജോര്‍ജ്, സാലമ്മ ജോളി, ബിനോ സഖറിയ, ടോമി കാറുകുളം, കണ്‍വീനര്‍ മഞ്ജു അജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.