നേരേകടവ് - മാക്കേക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു
1436660
Wednesday, July 17, 2024 2:16 AM IST
വൈക്കം: നേരേകടവ് - മാക്കേകടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ച ശേഷം നാല് പൈലുകൾ, പൈൽ ക്യാപ്പുകൾ, പിയർ ക്യാപ്പുകൾ, ഒരു ഗർഡർ എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു.
ഗർഡറുകൾ കോൺക്രീറ്റു ചെയ്യുന്നതിനുള സ്ഥലപരിമിതി മാത്രമാണ് നിലവിൽ നേരിടുന്ന ഏക വെല്ലുവിളി. അതുകൂടി മറികടിക്കാൻ കഴിഞ്ഞാൽ അതിവേഗത്തിൽ നിർമാണം പൂർത്തീകരിക്കാൻ കഴിയും. സി.കെ. ആശ എംഎൽഎ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മാക്കേക്കടവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
2016ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം പാതി പിന്നിട്ടപ്പോൾ സമീപ റോഡിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിർമാണം മുടങ്ങുകയായിരുന്നു. നേരേകടവ് - മാക്കേക്കടവ് ഫെറിയിൽ 750 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. 98 കോടി രൂപ അടങ്കൽവരുന്ന പദ്ധതിയുടെ കരാർ 76 കോടി രൂപയ്ക്കാണ് എറണാകുളം ഗോശ്രീ പാലം പണിത കമ്പനി ഏറ്റെടുത്തത്. പാലത്തിന്റെ നിർമാണം നിശ്ചിത കാലാവധിക്ക് മുമ്പ് തീർത്ത് നാടിനു സമർപ്പിക്കുമെന്ന് കമ്പനി അധികൃതർ പറഞ്ഞു.