ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടൽ; ചെളിക്കുളമായി പൂഞ്ഞാർ റോഡ്
1436794
Wednesday, July 17, 2024 10:10 PM IST
പൂഞ്ഞാർ: ഗവൺമെന്റ് ആശുപത്രിക്ക് എതിർവശത്തു ജൽ ജീവൻ പദ്ധതിയുടെ പൈപ്പിടൽ മൂലം ചെളിക്കുളമായി. ബസ്സ്റ്റോപ്പിനോടു ചേർന്നുള്ള ഭാഗമായതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഏകദേശം രണ്ടു മാസമായി റോഡിന്റെ അവസ്ഥ ഇതാണ്. അനേകം ആളുകൾ താമസിക്കുന്ന ഗാന്ധിനഗർ പ്രദേശത്തേക്കുള്ള റോഡ് മെയിൻ റോഡിലേക്ക് ചേരുന്ന ഭാഗവുമാണിത്.
പൂഞ്ഞാർ ടൗൺ ഭാഗത്തേക്കു പോകുന്ന ബസുകൾ നിർത്തുന്നതും പൂഞ്ഞാർ തെക്കേക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവർ ബസിറങ്ങുന്നതും ഇവിടെയാണ്.
വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ ബാരിക്കേഡുകൾ കൂടി സ്ഥാപിച്ചതോടെ ദുരിതം ഏറെയായി.
ബസുകൾക്കു നിർത്താൻ സാധിക്കാത്ത സാഹചര്യവുമുണ്ട്. പ്രധാന റോഡിൽ വശത്തുനിന്നുള്ള റോ ഡിലൂടെ വെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുകയാണ്. ചെളിയും മണ്ണും ഒഴുകിയെത്തുന്നുണ്ട്.
പ്രദേശത്ത് ചെളി നിറഞ്ഞു ഗതാഗതം ദുരിതമായിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ഈ അവസ്ഥയ്ക്ക് ഉടൻ പരിഹാരം ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.