ജിപിഎസ് ഇല്ല; ഈരാറ്റുപേട്ടയിൽ രണ്ടു ബസുകൾ കട്ടപ്പുറത്ത്
1438251
Monday, July 22, 2024 10:58 PM IST
ഈരാറ്റുപേട്ട: കെഎസ്ആർടിസി ഡിപ്പോയിലെ തകരാറില്ലാത്ത രണ്ടു ബസുകൾ സർവീസിനയക്കാതെ നാലു മാസമായി മാറ്റിയിട്ടിരിക്കുന്നതു ഡിപ്പോയുടെ വരുമാനത്തെ ബാധിക്കുന്നു. ജിപിഎസ് ഇല്ലാത്തതിന്റെ പേരിൽ വെഹിക്കിൾ വിഭാഗം സിഎഫ് നൽകാത്തതാണ് ബസ് മാറ്റിയിടാൻ കാരണമെന്ന് അധികൃതർ പറയുന്നു. ജിപിഎസ് വേണമെന്നു ഡിപ്പോ അധികൃതർ ആവശ്യപ്പെട്ടിട്ട് മൂന്നു മാസത്തിലധികമായിട്ടും ഇതുവരെയും എത്തിയില്ല.
കോട്ടയം-കട്ടപ്പന റൂട്ടിലോടിയിരുന്ന ആർഎസ്സി 432, ആർഎകെ 81 എന്നീ ബസുകളാണ് സർവീസിനയക്കാതെ മാറ്റിയിട്ടിരിക്കുന്നത്. ഇതോടൊപ്പം ഡ്രൈവർമാരുടെ കുറവുമൂലം ഡിപ്പോയിൽനിന്നുള്ള സർവീസ് മുടങ്ങുന്നതും പതിവാകുന്നു. ഡിപ്പോയിൽ 81 ഡ്രൈവർമാരുടെ അവശ്യമുള്ളപ്പോൾ 65 പേർ മാത്രമാണുള്ളത്. ദിവസവും മൂന്നു സർവീസുകൾ വരെ മുടങ്ങുന്നത് പതിവാണ്. ഇതു മലയോരമേഖലയിലെ യാത്രക്കാരെ സാരമായി ബാധിക്കുന്നു.
പഴക്കംചെന്ന ബസുകൾ ഹൈറേഞ്ച് മേഖലകളിലേക്കു സർവീസിനായി അയയ്ക്കുമ്പോഴാണ് കണ്ടീഷനുള്ള വണ്ടികൾ നിസാര കാരണത്താൽ മാറ്റിയിട്ടിരിക്കുന്നതെന്നു യാത്രക്കാർ പറയുന്നു. ദിവസം ഇരുപതിനായിരത്തിനടുത്ത് കളക്ഷൻ കിട്ടിയിരുന്ന ബസുകളിൽനിന്ന് നാലുമാസം കൊണ്ട് ലക്ഷക്കണക്കിന് രൂപ വരുമാനമാണ് ഡിപ്പോയ്ക്ക് നഷ്ടം. വർഷങ്ങൾക്കുമുമ്പ് 75 ഷെഡ്യൂകൾ ഓപ്പറേറ്റ് ചെയ്തിരുന്ന ഡിപ്പോയിൽ ഇപ്പോൾ അതിന്റെ പകുതിയോളം മാത്രമാണുള്ളത്.
എറണാകുളം സോണിലെ ഏറ്റവും മികച്ച ഡിപ്പോയ്ക്കുള്ള അംഗീകാരം ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് ലഭിച്ചിട്ടുള്ളതാണ്. സ്കൂൾ വിദ്യാർഥികൾക്കു കൺസഷൻ കാർഡുകൾ വിതരണം ചെയ്തെങ്കിലും ദിനംപ്രതി ഷെഡ്യൂളുകൾ റദ്ദാക്കുന്നതു വിദ്യാർഥികൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ബസുകളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തുകയും കൂടുതൽ ഡ്രൈവർമാരെ നിയമിച്ചും സർവീസുകൾ പുനരാരംഭിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.