കവിയൂര്‍ റോഡ് നവീകരണം: എകെസിസി ധര്‍ണ നടത്തി
1438368
Tuesday, July 23, 2024 2:33 AM IST
ചങ്ങനാശേരി: കവിയൂര്‍ റോഡ് നവീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കി യാത്രാക്ലേശം പരിഹരിക്കണമെന്ന് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ഫാത്തിമാപുരം യൂണിറ്റ് ആവശ്യപ്പെട്ടു. വിഷയം അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ എകെസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
വികാരി ഫാ. സേവ്യര്‍ ജെ. പുത്തന്‍കളം ഉദ്ഘാടനം ചെയ്തു. ലാലി ഇളപ്പുങ്കല്‍, ഈപ്പന് ആന്റണി, സിസി അമ്പാട്ട്, ജോസ് കടന്തോട്, ബാബു അമ്പാട്ട്, ലാലു പാലത്തിങ്കല്‍, ജോണ്സണ് പ്ലാന്തോട്ടം, സാജന് കുരിശിങ്കല്‍പ്പറമ്പില്‍, ലിസമ്മ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പെരുന്ന രാജേശ്വരി ജംഗ്ഷന് മുതല്‍ നാലുകോടി വരെയുള്ള ഭാഗത്താണ് റോഡില്‍ അപകടക്കെണികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഫാത്തിമാപുരത്ത് റോഡ് ഒലിച്ചുപൊയി ഗട്ടറുകള്‍ രൂപപ്പെട്ടു. ഫാത്തിമാപുരം ഭാഗത്ത് വീതികുറവായ സ്ഥലത്ത് ഓടകളില്‍ പൈപ്പുകള്‍ നിക്ഷേപിച്ചത് നീരൊഴുക്ക് തടസപ്പെടുത്തുകയാണ്.
റോഡില്‍ സ്ഥാപിച്ചിട്ടുള്ള കേബിള്‍ ബോക്സുകളും റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് ഭാഗത്തെ കുഴികളും യാത്രക്കാര്‍ക്ക് അപകടക്കെണികളാണ്. നഗരസഭയുടെ കീഴിലുള്ള ഫാത്തിമാപുരം-നാല്ക്കവല റോഡും ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.