കാഞ്ഞിരപ്പള്ളി: പാരിസ്ഥിതിക നിയമങ്ങളെയും നയങ്ങളെയുംകുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഉതകുന്ന പഠനകേന്ദ്രത്തിന്റെ ധാരണാപത്രം അന്തരിച്ച ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ പത്നി മീര സെന്നും സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയുടെ മാനേജർ ഫാ. വർഗീസ് പരിന്തിരിക്കലും തമ്മിൽ ഒപ്പുവച്ചു.
സമഗ്രമായ പാരിസ്ഥിതിക പഠനങ്ങളിൽ കേന്ദ്രം ഏർപ്പെടുന്നതോടൊപ്പം നാട്ടിലുള്ള പാരിസ്ഥിതിക വിഷയങ്ങളിൽ പഠനസംബന്ധിയായിട്ടുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യും. വിദ്യാർഥികൾക്ക് അവരുടെ പഠനസമയത്തുതന്നെ ഇത്തരം വിഷയങ്ങളിൽ ഇടപെടാനുള്ള അവസരങ്ങൾ ഉണ്ടായിരിക്കും. ചീഫ് ജസ്റ്റീസ് രാധാകൃഷ്ണന്റെ വിധിന്യായങ്ങളെക്കുറിച്ച് പഠിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുകയും കേരളത്തിലെ പാരിസ്ഥിതിക വിഷയങ്ങൾ, അതിനുള്ള നിയമങ്ങൾ, നയങ്ങൾ, വ്യവഹാരങ്ങൾ എന്നിവ സംബന്ധിച്ച് ഗവേഷണവും പഠനവും നടത്തി പഠനപ്രക്രിയയും സാമൂഹിക ഇടപെടലുകളും ഒന്നിച്ചു കൊണ്ടുപോകാനുമുള്ള ഒരു കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.