ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. ചേർത്തല വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു.
ഞായറാഴ്ച രാത്രി 11 ഓടെ ആയിരുന്നു അപകടം. ബന്ധുവിനൊപ്പം കളത്തൂക്കടവിലുള്ള പെട്രോൾ പമ്പിലേക്ക് പോകുന്നതിനിടെ കരിയിലക്കാനത്ത് വച്ചായിരുന്നു അപകടം. എതിരേവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ടു വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ സൈഡ് സീറ്റിൽ ഇരിക്കുകയായിരുന്നു മുഹമ്മദ് വസീം. പരിക്കേറ്റ മുഹമ്മദ് വസീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ഈരാറ്റുപേട്ടയിലെ ബന്ധുവീട്ടിൽ നിന്നായിരുന്നു മുഹമ്മദ് വസീം പഠനം നടത്തിയിരുന്നത്.