ഇടയാഴം പൊന്നങ്കേരി വളവിൽ ക്രാഷ്ബാരിയർ നിർമാണം തുടങ്ങി
1459608
Tuesday, October 8, 2024 3:03 AM IST
വൈക്കം: വാഹനാപകടം പതിവാകുന്ന വെച്ചൂർ -കല്ലറ റോഡിൽ പൊന്നംങ്കേരി വളവിൽ ക്രാഷ്ബാരിയർ സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി.
ഇടുങ്ങിയ റോഡിലെ കൊടുംവളവിലെത്തുമ്പോൾ വാഹനങ്ങൾ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞാണ് അപകടങ്ങൾ അധികവും. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് കല്ലറ സ്വദേശിയായ യുവാവ് മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതേ സ്ഥലത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനും അടുത്ത ദിവസം മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റിരുന്നു.
അപകടം പതിവായതോടെ ഗതാഗതം സുരക്ഷിതമാക്കണമെന്ന ആവശ്യവുമായി ജനങ്ങളും രംഗത്തുവന്നു. തുടർന്നാണ് വളവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാനും വളവ് വീതി കൂട്ടി നിവർത്താനും നടപടി സ്വീകരിക്കാമെന്ന ഉറപ്പ് ജനങ്ങൾക്ക് പിഡബ്ല്യുഡി അധികൃതർ നൽകിയത്. പൊന്നങ്കേരി വളവിൽ ക്രാഷ്ബാരിയർ സ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.
വൈക്കം ഇടയാഴം - കല്ലറ റോഡിലെ വല്യാറ വളവിലും കൊടുതുരുത്ത്, പൊന്നങ്കേരി വളവുകളിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. റോഡ് ആധുനിക നിലവാരത്തിൽ നിർമിച്ചിട്ടിപ്പോൾ 15 വർഷത്തോളമായി. ഇതിനകം ഈ വളവുകളിലും സമീപത്തുമായി 16 പേർ അപകടത്തിൽ മരിച്ചിട്ടുണ്ട്. 125ഓളം അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വളവുകൾ നിവർത്തി റോഡ് വീതി കൂട്ടി നിർമിച്ചാലേ ഏറ്റവും തിരക്കേറിയ ഈ റോഡിലെ അപകടങ്ങൾ ഒഴിവാകൂയെന്ന് നാട്ടുകാർ പറയുന്നു. പാടശേഖരങ്ങൾക്ക് നടുവിലുടെ കടന്നുപോകുന്ന റോഡിന്റെ വശങ്ങളിൽ വീടുകൾ വളരെ കുറവാണ്. അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കാൻ സമീപത്തുള്ളവർ ഉദാരമനസുകാട്ടുന്നതിനാലാണ് പലരുടേയും ജീവൻ രക്ഷിക്കാൻ കഴിയുന്നത്. ഇടുങ്ങിയ റോഡിന്റെ ഇരുവശവും കാടും പടലും വളർന്ന് തിങ്ങിയതിനാൽ നടപ്പാത ഇല്ലാത്ത സ്ഥിതിയാണ്. ഈ അപകട വളവുകൾ നിവർത്തുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.