കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് റസ്റ്ററന്റ് കൊടൂരാറില്നിന്ന് ഉയര്‍ത്തി
1459863
Wednesday, October 9, 2024 5:46 AM IST
കോട്ടയം: കോടിമതയിലെ കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് റസ്റ്ററന്റ് കൊടൂരാറില്നിന്ന് ഉയര്‍ത്തി. ജെആര്‍എസ് നീന്തല്‍പരിശീലന അക്കാദമിയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ അബ്ദുള്‍ കലാം ആസാദിന്റെ മേല്‍നോട്ടത്തിലാണ് ടീം നന്മക്കൂട്ടം ദൗത്യം പൂര്‍ത്തിയാക്കിയത്. ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ബോട്ട് ഉയര്‍ത്താനായത്. ബോട്ട് നിര്‍മിച്ച പനങ്ങാട് സ്വദേശി മാര്‍ട്ടിനും സംഘത്തില്‍ ഉണ്ടായിരുന്നു.
ബോട്ടിന്റെ മൂന്ന് അറകളിലായി നിറഞ്ഞ വെള്ളം പമ്പ്സെറ്റ് ഉപയോഗിച്ചാണ് കളഞ്ഞത്. ഫൗണ്ടേഷന് മാത്രം 50 ടണ്ണിലധികം ഭാരമുണ്ട്. കഴിഞ്ഞയാഴ്ച ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിനിര്‍ത്താനുള്ള പരിശ്രമം പരാജയപ്പെട്ടിരുന്നു.
മാന്‍ഹോളിനുള്ളിലേക്ക് നീളമുള്ള മുട്ടില്‍ കെട്ടിയ വാല്‍വ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തും കഴുത്തിനൊപ്പം ആഴമുള്ള ഫൗണ്ടേഷനുള്ളില്‍ ഇറങ്ങിയുമാണ് ബോട്ടുയര്‍ത്താനുള്ള ദൗത്യം പൂര്‍ത്തിയാക്കിയത്.
ബോട്ടിന്റെ ചില്ലുകളും റൂഫിംഗും തകര്‍ന്നിട്ടുണ്ട്. കൂടാതെ ക്രെയിനുപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഫൗണ്ടേഷനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാന്‍ഹോളിനുള്ളിലെ ദ്വാരങ്ങളും തകര്‍ന്ന തൂണുകളും കേടുപാടുകളായിട്ടുണ്ട്. ബോട്ട് വീണ്ടും പഴയപോലെ പ്രവര്‍ത്തനക്ഷമമാകാന്‍ ഒരുമാസത്തോളം സമയമെടുക്കുമെന്ന് പ്ലോട്ടല്സ് കമ്പനിയുടെ പ്രതിനിധി മാര്ട്ടിന് പറഞ്ഞു.