അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടാന്‍ ഒന്നിച്ച് നില്‍ക്കണം: മേധാ പട്കർ
1460969
Monday, October 14, 2024 6:30 AM IST
കോട്ടയം: വികസനത്തിന്റെ പേരില്‍ ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങള്‍ നിഷേധിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കുമ്പോള്‍ അവകാശങ്ങള്‍ സംരക്ഷിച്ചു കിട്ടാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും നര്‍മ്മദാ ബചാവോ ആന്ദോളന് നേതാവുമായ മേധാ പട്കര്‍.
കോട്ടയം പബ്ലിക് ലൈബ്രറിയും തിരുവല്ല മുളമൂട്ടിലച്ചന്‍ ഫൗണ്ടേഷനും ചേര്‍ന്നു നടത്തിയ ടോക്സ് ഇന്ത്യ പ്രഭാഷണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മേധാ പട്കര്‍.
വികസനമെന്നത് ജനങ്ങളുടെ സുരക്ഷ കൂടിയാണ്. അവകാശങ്ങള്‍ തട്ടിത്തെറിപ്പിച്ച് ജനങ്ങളെ കുടിയൊഴിപ്പിച്ച് നടത്തുന്ന വികസനം വന്‍കിടക്കാര്‍ക്കു വേണ്ടി മാത്രമാണ്. ഇതിനെതിരേ കൈകോര്‍ക്കാന്‍ നാം വെറും വോട്ടര്‍മാരായാല്‍ പോരാ. ഉത്തരവാദിത്വമുള്ള വോട്ടര്‍മാരാകണം. ചൂരല്‍മല,മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പരിസ്ഥിതിക്കേറ്റ ആഘാതത്തിന്റെ ഫലമാണ്.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കണ്ടില്ലെന്ന് നടിക്കരുതെന്നും മേധാ പട്കര്‍ പറഞ്ഞു.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, ഫാ. ഏബ്രഹാം മുളമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.എം.പി. ജോര്‍ജ് സംഗീതാര്‍ച്ചന നടത്തി.
പബ്ലിക് ലൈബ്രറിക്കു മുന്നിലുള്ള അക്ഷര ശില്പത്തില് പുഷ്പാര്‍ച്ചന നടത്തിയ മേധാ പട്കർ ലൈബ്രറിക്കു മുന്നില്‍ കമണ്ഡലു വൃക്ഷത്തൈ നടുകയും ചെയ്തു.