പിഎൻപി റോഡിന്റെ ഇരുവശവും കാടുവളർന്ന് മൂടി
1576315
Thursday, July 17, 2025 12:02 AM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പിഎൻപി റോഡിന്റെ ഇരുവശവും കാടുവളർന്ന് മൂടി. വീതി കുറവായ റോഡിൽ നടന്നുപോകണമെങ്കിൽ ടാറിംഗിലൂടെ തന്നെ വേണം. ഇരുവശത്തേക്കും വാഹനങ്ങൾ വന്നാൽ കുറ്റിക്കാട്ടിനുള്ളിലേക്ക് വഴിയാത്രക്കാർ കയറേണ്ടി വരും.
ഇഴജന്തുക്കളെ പേടിക്കാതെ ഇതുവഴി സഞ്ചരിക്കാനാവില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.ശ്രേയസ് പബ്ലിക് സ്കൂളിലേക്കുള്ള വഴി കൂടിയായതിനാൽ രാവിലെയും വൈകുന്നേരവും കുട്ടികൾ സംഘമായി സഞ്ചരിക്കുന്നത് ഇതുവഴിയാണ്. ഈ സമയം വാഹനങ്ങൾ എത്തിയാൽ കുട്ടികൾ അരികിലെ കാട്ടിലേക്ക് കയറുകയേ മാർഗമുള്ളൂ.
മുൻകാലങ്ങളിൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കാടുതെളിക്കൽ നടത്തുമായിരുന്നു. എന്നാൽ, ഇപ്പോൾ അത് അനുവദനീയമല്ല. നിരവധി കുടുംബങ്ങളുടെ വഴിയായ പിഎൻപി റോഡ് തെളിച്ചില്ലെങ്കിൽ ഇഴജന്തുക്കളെയും തെരുവുനായകളെയും പേടിച്ച് നടക്കാനാവാത്ത സ്ഥിതിയാകും.