പൊന്തൻപുഴയിലും ഓലക്കുളത്തും പുലി സാന്നിധ്യമെന്ന്
1576032
Tuesday, July 15, 2025 11:30 PM IST
എരുമേലി: മുക്കൂട്ടുതറയ്ക്ക് സമീപം പത്തനംതിട്ട ജില്ലയിലെ ഓലക്കുളം തലമുട്ടിയാനി ഭാഗത്തും പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്ക്കടുത്ത് വലിയകാവ്-പൊന്തൻപുഴ റോഡിലും പുലിയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ആർആർടി ടീമെത്തി പരിശോധന നടത്തി. മഴ പെയ്തതുമൂലം വന്യജീവി ഏതാണെന്നു സ്ഥിരീകരിക്കാൻ കാൽപ്പാടുകൾ കണ്ടെത്താനായില്ല. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനപാലകർ നിർദേശിച്ചു.
വലിയകാവ്-പൊന്തൻപുഴ റോഡിൽ തെരുവുനായ്ക്കളുടെ എണ്ണം കുറഞ്ഞത് പുലിയുടെ സാന്നിധ്യത്തെ ബലപ്പെടുത്തുന്നതാണെന്നാണ് വനപാലകരുടെ നിഗമനം. വളർത്തുമൃഗങ്ങളെ കാണാതായാൽ ഉടൻ വിവരം അറിയിക്കണം. രാത്രികാലത്തുള്ള ഇരുചക്ര വാഹനയാത്ര പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.