മുണ്ടക്കയം പുത്തൻചന്തയിൽ 11 പേർക്ക് മഞ്ഞപ്പിത്തം
1576036
Tuesday, July 15, 2025 11:30 PM IST
മുണ്ടക്കയം: പുഞ്ചവയലിന് പിന്നാലെ ആശങ്കയുയർത്തി മുണ്ടക്കയത്തും മഞ്ഞപ്പിത്തം പടരുന്നു. മുണ്ടക്കയം പുത്തൻചന്ത മേഖലയിലാണ് 11 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്തെ നാല് കിണറുകളിൽനിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കാണ് രോഗം ബാധിച്ചതെന്നാണു സംശയം.
മുണ്ടക്കയം ടൗണിനോട് ചേർന്ന് നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പുത്തൻചന്ത മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രോഗം പടരാതിരിക്കാൻ പ്രതിരോധ നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽപ്പെട്ട പുഞ്ചവയൽ, 504 മേഖലകളിൽ കഴിഞ്ഞ മൂന്നുമാസമായി മഞ്ഞപ്പിത്തം പടർന്നുപിടിക്കുകയാണ്. ഈ പ്രദേശത്ത് നിരവധി ആളുകൾക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്. ഇതിൽ രണ്ടുപേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇതിൽ ഒരാളുടെ കരൾ മാറ്റിവയ്ക്കുകയും ചെയ്തു. ആദ്യം പുഞ്ചവയൽ ടൗണിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പിന്നീട് കോരുത്തോട് പഞ്ചായത്തിലെ 504 മേഖലയിലേക്ക് വ്യാപിക്കുകയായിരുന്നു.
ഇപ്പോഴും പുഞ്ചവയലിൽ ആളുകൾക്ക് മഞ്ഞപ്പിത്തം പിടിപെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുണ്ടക്കയം പുത്തൻചന്തയിലും മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു മേഖലയെ കൂടുതൽ ആശങ്കയിലാഴ്ത്തുകയാണ്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗവ്യാപനം തടയുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.