അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ പിടിയിൽ
1576136
Wednesday, July 16, 2025 2:39 AM IST
കുമരകം: ലൈസൻസില്ലാതെ അനധികൃതമായി അമിത പലിശ വാങ്ങി പണം കടം കൊടുക്കുന്നയാളെ കുമരകം പോലീസ് പിടികൂടി. തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം ഇടശേരിമന ഭാഗത്ത് കണ്ണന്തറ രാജേഷ് എന്നയാളാണ് കുമരകം പോലീസിന്റെ പിടിയിലായത്.
നിയമാനുസരണമുള്ള ലൈസന്‍സോ അധികാരപത്രങ്ങളോ ഇല്ലാതെ അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി കുമരകം എസ്എച്ച്ഒ കെ. ഷിജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കുമരകം എസ്ഐ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നും പണം കടം കൊടുത്തതിന്റെ രേഖകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മുദ്രപത്രം, കടം കൊടുക്കുന്നതിനായി കൈവശം സൂക്ഷിച്ചിരുന്ന നാലു ലക്ഷത്തോളം രൂപ എന്നിവ പിടിച്ചെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.