മൂന്നാനി ലോയേഴ്സ് ചേംബര്‍ ഇനി ഹോസ്റ്റലായി മാറും
1576028
Tuesday, July 15, 2025 11:30 PM IST
പാലാ: കോടതി സമുച്ചയത്തിന് സമീപം അഭിഭാഷകര്‍ക്കായി നഗരസഭ നിര്‍മിച്ച മൂന്നാനി ലോയേഴ്സ് ചേംബറിന്റെ അവശേഷിക്കുന്ന മുറികളെല്ലാം വലവൂര്‍ ഐഐഐടിക്ക് വാടകയ്ക്കു നല്കാന് നഗരസഭ നടപടി തുടങ്ങി.
എട്ടു വര്‍ഷം മുമ്പ് പണിതീര്‍ത്ത കെട്ടിടസമുച്ചയം വര്‍ഷങ്ങളായി ഉപയോഗരഹിതമായി കിടക്കുകയായിരുന്നു. കോടതി സമുച്ചയത്തോട് ചേര്‍ന്നു നിര്‍മിച്ച ലോയേഴ്സ് ചേംബര്‍ അഭിഭാഷകര്‍ക്ക് വാടകയ്ക്ക് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. കെട്ടിടത്തിന്റെ നിര്‍മാണത്തിലെ അപര്യാപ്തത മൂലം മുറികള്‍ വാടകയ്ക്കെടുക്കാന്‍ അഭിഭാഷകര്‍ തയാറായില്ല.
മലങ്കര പദ്ധതിക്കായി വാട്ടര്‍ അഥോറിറ്റി മുകള്‍നിലയിലെ അഞ്ചു മുറികള്‍ രണ്ടു വര്‍ഷം മുമ്പ് വാടകയ്ക്കെടുത്തിരുന്നതൊഴിച്ചാല് ബാക്കി മുറികളൊക്കെ വെറുതെ കിടക്കുകയാണ്. ഈ മുറികളാണ് ഐഐഐടിക്ക് വാടകയ്ക്കു നല്കാന് നടപടി തുടങ്ങിയത്.
കെട്ടിടത്തില്‍ മൂന്ന് നിലകളിലായി ശൗചാലയ സൗകര്യത്തോടെ 72 മുറികളാണുള്ളത്. 2022ല്‍ ലേലം ചെയ്തപ്പോള്‍ അഞ്ചു മുറികള്‍ മാത്രമാണ് ലേലത്തില്‍ പോയത്. വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതിനാലായിരുന്നു മുറികള്‍ ലേലത്തില്‍ പോകാതിരുന്നത്. വിശദമായ പഠനവും ആവശ്യകത നിര്ണയിക്കാതെയുമാണ് രൂപരേഖ തയാറാക്കി നിര്‍മാണം നടത്തിയതെന്നു സംസ്ഥാന ഓഡിറ്റ് വകുപ്പ് തയാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.
എല്ലാ മുറികളും ഷട്ടറിട്ട മുറികളായതുകൊണ്ട് വെന്റിലേഷന് സൗകര്യം, ശൗചാലയം എന്നിവയുടെ പരിമിതികള്‍ മൂലം മറ്റാവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിന് സാധിച്ചിരുന്നില്ല. കോടികള്‍ കടബാധ്യതയുണ്ടാക്കി നിര്‍മിച്ച കെട്ടിടം മറ്റൊരു ബാധ്യതയായി മാറിയെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ചിട്ടും മുറികൾ വാടകയ്ക്ക് നല്കാന് സാധിക്കാത്തത് വരുമാനം വര്‍ധിപ്പിക്കാനുള്ള നഗരസഭയുടെ തീവ്രശ്രമങ്ങള്‍ക്ക് തടസമായിരുന്നു.
ഐഐഐടി നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ നഗരസഭ നടപടികള്‍ തുടങ്ങി. മാസം 4500 രൂപ നിരക്കില്‍ വാടക ഈടാക്കാനാണ് ധാരണയായത്.