പിഎംജിഎസ്വൈ മൂന്നാം ഘട്ടം; 300 കോടി രൂപ അനുവദിച്ചെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി
1576068
Tuesday, July 15, 2025 11:45 PM IST
കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംജിഎസ്വൈ മൂന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി കേരളത്തിന് 300 കോടി രൂപകൂടി കേന്ദ്ര ഗ്രാമവികസന വകുപ്പില്‍നിന്ന് അനുവദിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു. മൂന്നാം ഘട്ടത്തില്‍ നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും പൂര്‍ത്തീകരണത്തിനാണ് അധികത്തുക അനുവദിച്ചത്. മൂന്നാംഘട്ട പദ്ധതി 2024-25 വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഇതില്‍ പൂര്‍ത്തിയാകാത്ത പദ്ധതികളുടെ കാലാവധി ഒരു വര്‍ഷംകൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരിക്കുകയാണ്. ഇനി കാലാവധി നീട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നെന്നും എംപി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വിഹിതം 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 40 ശതമാനവും എന്ന നിരക്കിലാണ് ഈ പദ്ധതിക്കു വേണ്ടി ചെലവഴിക്കുന്നത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുകയ്ക്ക് ആനുപാതികമായിട്ടുള്ള തുക സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം അനുവദിച്ച് മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.