പെരുവ മാര്‍ക്കറ്റിലെ ജൈവമാലിന്യ സംസ്കരണം: വൈദ്യുതി ഉത്പാദന പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി
1576146
Wednesday, July 16, 2025 2:39 AM IST
പെരുവ: പെരുവ മാര്‍ക്കറ്റിലെ ജൈവമാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. ഇതോടെ ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയായിലാണ് പെരുവയിലെ വ്യാപാരികളും മത്സ്യവില്‍പ്പനക്കാരും.
കടകളിലെ മാലിന്യം അവരവര്‍തന്നെ സ്വന്തം സ്ഥലത്ത് നിര്‍മാര്‍ജനം ചെയ്യുകയാണ്. പ്രവര്‍ത്തനം നിലച്ചതോടെ മാലിന്യപ്ലാന്റും ടൗണില്‍ വഴിവിളക്കുകള്‍ തെളിക്കാനായി ഉപയോഗിച്ചിരുന്ന വിളക്കുകാലുകളും അനാഥമായ അവസ്ഥയിലാണ്. മാലിന്യം സംസ്കരിച്ച് അതില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വഴിവിളക്കുകള്‍ തെളിക്കുന്ന പദ്ധതിയാണ് പ്രവര്‍ത്തനരഹിതമായത്.
മുളക്കുളം പഞ്ചായത്തും ശുചിത്വ മിഷന്റെ സേവനദാതാക്കളായ ബയോടെക്കുമായി ചേര്‍ന്ന് 2008-ലാണ് പദ്ധതിയുടെ നിര്‍മാണം തുടങ്ങിയത്. 2010-ലാണ് പദ്ധതി പ്രവര്‍ത്തനസജ്ജമായത്. 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയത്. പെരുവ മാര്‍ക്കറ്റിനുള്ളിലാണ് പദ്ധതിയുടെ ഭാഗമായുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. പെരുവ മാര്‍ക്കറ്റിലെയും ടൗണിലെയും വ്യാപാരസ്ഥാപനങ്ങളിലെയും ഇറച്ചി, മീന്‍, പച്ചക്കറി മാലിന്യങ്ങളുമാണ് ഇവിടെ സംസ്കരിച്ചിരുന്നത്.
പ്ലാന്റിലെത്തിക്കുന്ന മാലിന്യങ്ങളില്‍നിന്ന് ഗ്യാസ് ഉത്പാദിപ്പിച്ച് അത് ജനറേറ്റര്‍ ഉപയോഗിച്ചു വൈദ്യുതിയാക്കി മാറ്റും. ഈ വൈദ്യുതി ഉപയോഗിച്ചു പെരുവ ടൗണിലെയും ചുറ്റുമുള്ള വഴികളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതി വിളക്കുകള്‍ പ്രകാശിപ്പിക്കുന്ന രീതിയിലായിരുന്നു പദ്ധതി നടന്നുവന്നിരുന്നത്. 55 വൈദ്യുതി വിളക്കുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ പ്രകാശിപ്പിച്ചിരുന്നത്. ഏതു വര്‍ഷകാലത്തും പെരുവ ടൗണില്‍ വഴിവിളക്കുകള്‍ തെളിഞ്ഞിരുന്നു.
ഒരു വര്‍ഷത്തിലധികമായി വഴിവിളക്കുകള്‍ പ്രകാശിക്കാതായിട്ടെന്ന് വ്യാപാരികള്‍ പറയുന്നു.
പ്ലാന്റിലേക്ക് ലഭിക്കുന്ന മാലിന്യത്തിന്റെ അളവ് കുറഞ്ഞതാണ് പ്രവര്‍ത്തനം പ്രതിസന്ധിയിലാകാന്‍ കാരണമെന്നാണ് ബയോടെക് അധികൃതര്‍ പറയുന്നത്. ഒരു മാസം 21,860 രൂപ പഞ്ചായത്ത് ഇവിടത്തെ ജോലിക്കാരനും മേല്നോട്ടച്ചുമതലയുടെ ഇനത്തിലുമായി ബയോടെക്കിന് നല്കേണ്ടിയിരുന്നു. ഇത്രയും തുക ചെലവഴിക്കേണ്ടെന്നു പഞ്ചായത്ത് തീരുമാനിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കരാര്‍ പുതുക്കാതിരുന്നതാണ് പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കാനിടയാക്കിയത്.
തുമ്പോര്‍മുഴി പ്ലാന്റുകള്‍ ഉടന്‍ തുറക്കും
ബയോടെക്കുമായുള്ള കരാർ പുതുക്കേണ്ടെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതാണ്. അറ്റകുറ്റപ്പണികള്‍ക്കായി വലിയ തുകയാണ് പഞ്ചായത്തിന് ചെലവാകുന്നത്.
മാര്‍ക്കറ്റിലും ടാക്സി സ്റ്റാന്‍ഡിലുമായി തുമ്പോര്‍മൂഴി മോഡല്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍തന്നെ ആരംഭിക്കും. ടൗണില്‍ പുതിയ വൈദ്യുതി ലൈറ്റുകള്‍ സ്ഥാപിച്ചു വെളിച്ചം ഉറപ്പാക്കിയിട്ടുണ്ട്. പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് ബയോടെക്കിന്റെ പ്ലാന്റ് പൊളിച്ചുനീക്കി അവിടത്തന്നെ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണെന്നു മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു.