ഉമ്മന്‍ ചാണ്ടി അനുസ്മരണം; 18ന് രാഹുല്‍ ഗാന്ധി എത്തും
1576067
Tuesday, July 15, 2025 11:45 PM IST
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം 18ന് പുതുപ്പള്ളില്‍ ആചരിക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ രാവിലെ 6.30ന് പ്രഭാതനമസ്കാരം, ഏഴിന് വിശുദ്ധ കുര്‍ബാന, 8.15ന് കബറിങ്കല്‍ പ്രാര്‍ഥന. ഒന്‍പതിന് പള്ളിമൈതാനത്ത് പ്രത്യേകം പന്തലില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുക്കും. 17ന് നെടുമ്പാശേരിയില്‍ വിമാനമാര്‍ഗം എത്തുന്ന രാഹുല്‍ഗാന്ധി അന്നു രാത്രി കുമരകം താജ് ഹോട്ടലില്‍ താമസിക്കും.
18നു രാവിലെ പുതുപ്പള്ളിയിലെത്തുന്ന രാഹുല്‍ ഗാന്ധി ആദ്യം കബറിങ്കല്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്നായിരിക്കും സമ്മേളനം. കെപിസിസിയും കോട്ടയം ഡിസിസിയും സംയുക്തമായി നടത്തുന്ന അനുസ്മരണ പരിപാടിയില്‍ പതിനായിരത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും. വിശാലമായ പന്തലാണു പുതുപ്പള്ളി പള്ളി മൈതാനത്ത് ഒരുങ്ങുന്നത്.