മണര്‍കാട് ഫാമില്‍ കോഴിക്കുഞ്ഞുങ്ങളുടെ പ്രവേശനോത്സവം
1576330
Thursday, July 17, 2025 12:02 AM IST
കോട്ടയം: കോഴിക്കുഞ്ഞുങ്ങള്‍ക്ക് പ്രവേശനോത്സവം. പോഷകസമൃദ്ധമായ തീറ്റയും തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ ചൂടും തിളപ്പിച്ചാറിയ വെള്ളവുമൊക്കെ നല്കി പ്രവേശന ദിവസംതന്നെ കോഴിക്കുഞ്ഞുങ്ങള്‍ ഹാപ്പി. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ കവാടത്തില്‍ ഇന്നലെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് ഇങ്ങനെയായിരുന്നു.
പക്ഷിപ്പനി ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ട ഫാം ഇന്നലെ തുറന്നു. പ്രവേശനോത്സവ ദിവസത്തില്‍ തൊടുപുഴ കോലാനി ഫാമില്‍നിന്നും ഒരുദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പെട്ട 1372 കോഴിക്കുഞ്ഞുങ്ങളെയാണ് എത്തിച്ചത്. ബ്രൂഡിംഗ് നഴ്സറിയിലാണ് ഇപ്പോള്‍ കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്.
150 കോഴിക്കുഞ്ഞുങ്ങളെ ഒരു ബ്രൂഡറിലാക്കി 150 വാട്ട് കൃത്രിമ ചൂടു നല്‍കിയാണ് സംരക്ഷണം. ഇതിനൊപ്പം തീറ്റയും തിളപ്പിച്ചാറിയ വെള്ളവും നല്‍കും. ഒരു മാസം വരെ കുഞ്ഞുങ്ങളെ ഇങ്ങനെ സംരക്ഷിക്കും.
46-ാം ദിവസം ഒരു കോഴിക്ക് 130 രൂപ നിരക്കില്‍ വില്ക്കാന് തുടങ്ങും. അടുത്ത മാസം മാതൃപിതൃ ശേഖരത്തിനായി മണ്ണുത്തി യൂണിവേഴ്സിറ്റി പൗള്‍ട്രിഫാമില്‍നിന്ന് ഒരു ദിവസം പ്രായമായ 1800 കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നുണ്ട്.
ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആരംഭിച്ചുകഴിഞ്ഞാല്‍ സെന്‍ട്രല്‍ പൗള്‍ട്രി ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍നിന്ന് കാവേരിയിനത്തില്പെട്ട കോഴികളുടെ 4000 മുട്ടകള്‍ വിരിയിക്കാനായി എത്തിക്കും. പക്ഷിപ്പനി തടയാന്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങളോടെയാണ് ഫാം തുറന്നിരിക്കുന്നത്.