രാമപുരത്ത് നാലമ്പല ദർശനത്തിന് തുടക്കം; തീർഥാടകരെ വരവേറ്റ് ജോസ് കെ. മാണി
1576587
Thursday, July 17, 2025 3:46 PM IST
രാമപുരം: കർക്കടകം ഒന്നിന് രാമപുരം നാലമ്പല തീർഥാടനത്തിന് തുടക്കമായി. രാവിലെ വിവിധ ജില്ലകളിൽനിന്ന് രാമപുരത്തെത്തിയ തീർഥാടകർക്ക് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
വിവിധ ജില്ലകളിൽ നിന്നെത്തിയ കെഎസ്ആർടിസി ഡ്രൈവർമാരെ അദ്ദേഹം മാലയണിയിച്ച് സ്വീകരിച്ചു. രാമപുരത്തെ നാലമ്പലങ്ങളെ ഹൃദയത്തോട് ചേർത്തുവച്ച തന്റെ പിതാവ് കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായിരുന്നു രാമപുരം നാലമ്പല സർക്യൂട്ട് എന്ന് ജോസ് കെ. മാണി പറഞ്ഞു.
രാമപുരത്ത് കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ ഭരതസ്വാമി ക്ഷേത്രത്തിന് പുതിയ ഹൈമാസ്റ്റ് ലൈറ്റും അദ്ദേഹം അനുവദിച്ചു.
രാമപുരത്ത് 65 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കെ.എം. മാണിയുടെ ഭരണകാലത്ത് നടന്നിരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പിലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീശത്രുഖന സ്വാമി ക്ഷേത്രത്തിലും രാവിലെ മുതൽ തന്നെ തീർഥാടക തിരക്ക് അനുഭവപ്പെട്ടിരുന്നു.
രാമപുരത്തെ നാലമ്പലങ്ങളിൽ തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.