സ്കൂട്ടറുകളില്‍ ബൈക്കിടിച്ച് അപകടം: യുവാവിനു പരിക്കേറ്റു
1576581
Thursday, July 17, 2025 7:19 AM IST
ചങ്ങനാശേരി: തട്ടുകടക്കു മുമ്പില്‍ റോഡിലേക്കിറക്കിവച്ച സ്കൂട്ടറുകളില്‍ ബൈക്കിടിച്ചുമറിഞ്ഞു. റോഡിലേക്കു തെറിച്ചുവീണ ബൈക്ക് യാത്രക്കാരനായ യുവാവിനു ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ രാത്രി ഒമ്പതിന് മോര്ക്കുളങ്ങരയ്ക്കും പാലാത്രച്ചിറക്കുമിടയിലാണ് അപകടം. വാര്‍ഡ് കൗണ്‍സിലര്‍ എത്സമ്മ ജോബ് ചങ്ങനാശേരി പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയാണ് യുവാവിനെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചങ്ങനാശേരി ബൈപാസിന്റെ പാലാത്രച്ചിറ ഭാഗത്ത് റോഡരുകില്‍ വര്‍ധിച്ചുവരുന്ന തട്ടുകടകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതിയുണ്ട്. തട്ടുകടകള്ക്കുമുമ്പില് അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളും വട്ടംകൂടിനില്ക്കുന്ന ആളുകളുമാണ് വേഗതയില്‍ റോഡിലൂടെ എത്തുന്ന വാഹനങ്ങള്‍ക്ക് അപകടഭീഷണിയാകുന്നത്.
വാഹനങ്ങള്‍ക്കും കാല്‍നട സഞ്ചാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള വഴിവാണിഭങ്ങള്ക്കും തട്ടുകടകള്ക്കുമെതിരേ പോലീസും തദ്ദേശസ്ഥാപനങ്ങളും കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.