ഭരണസ്വാധീനം ഉപയോഗിച്ച് വികസനത്തെ തടസപ്പെടുത്തുന്നു: മാണി സി. കാപ്പന് എംഎൽഎ
1576322
Thursday, July 17, 2025 12:02 AM IST
പാലാ: കളരിയാമ്മാക്കല് പാലവും അമിനിറ്റി സെന്ററും കെഎസ്ആര്‍ടിസി കെട്ടിടവും നെല്ലിയാനിയിലെ മിനി സിവില്‍ സ്റ്റേഷനും മുത്തോലിയിലെ കാറ്ററിംഗ് കോളജും ഉള്‍പ്പെടെയുള്ളവ പൂര്‍ത്തീകരിക്കാനുള്ള തന്റെ ശ്രമങ്ങളെ അട്ടിമറിച്ചത് ഭരണസ്വാധീനം ഉപയോഗിച്ചാണെന്ന് മാണി സി. കാപ്പന് എംഎല്‍എ ആരോപിച്ചു.
പരാജയപ്പെട്ടതിന് വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന സമീപനം ജോസ് കെ. മാണി ഉപേക്ഷിക്കണം. മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണത്തിന് എംഎല്‍എയുടെ ബജറ്റ് നിര്‍ദേശാനുസരണം പണം അനുവദിച്ചതറിയാതെ നവകേരള സദസിന് പാലായിലെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ച് അപഹാസ്യരായവര്‍ താൻ കൊടുത്ത കത്തിലൂടെയാണ് മുനിസിപ്പല്‍ സ്റ്റേഡിയം യാഥാര്‍ഥ്യമായതെന്ന വാദം ഉയര്‍ത്തുന്നത് ബാലിശമാണ്.
തനിക്കെതിരേയും താന്‍ കൊണ്ടുവരുന്ന പദ്ധതികള്‍ക്കെതിരേയും തടസങ്ങള്‍ സൃഷ്ടിക്കുകയും കോടതിയില്‍ കേസ് കൊടുപ്പിക്കുകയും തനിക്കെതിരേ പരസ്യ ബോര്‍ഡുകളും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും നടത്തുകയും ചെയ്യുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിച്ച് നാടിന്റെ വികസനത്തിന് സഹകരിക്കുകയാണ് വേണ്ടതെന്നും മാണി സി. കാപ്പന് പറഞ്ഞു.