കോട്ടയത്തെ പഠന നഗരമാക്കാന്‍ യുനെസ്കോയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു
1576326
Thursday, July 17, 2025 12:02 AM IST
കോട്ടയം: ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയായ യുനെസ്കോയുടെ ലോക പഠന നഗര ശൃംഖലയില്‍ കോട്ടയം നഗരത്തെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം അപേക്ഷ സമര്‍പ്പിച്ചതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു. കോട്ടയം നഗരസഭയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയത്.
ആജീവനാന്ത പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക രംഗത്തെ നേട്ടങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് പഠന നഗരമെന്ന ശ്രേണിയില്‍ യുനെസ്കോ നഗരങ്ങള്‍ക്ക് പ്രത്യേക പദവി നല്കി ഉള്‍പ്പെടുത്തുന്നത്. 100 ശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായ കോട്ടയം അക്ഷരനഗരി എന്ന പേരില്‍ അറിയപ്പെടുന്നു.
മലയാളത്തിലെ ആദ്യ പത്രമായ ദീപികയ്ക്കു തുടക്കം കുറിച്ച നഗരം, ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, അക്ഷര മ്യൂസിയം എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അപേക്ഷയില്‍ ചേര്‍ത്തിട്ടുണ്ട്.
കോട്ടയത്തെ പുരാതന ദേവാലയങ്ങള്‍, നവോത്ഥാന നായകന്മാര്, യൂണിവേഴ്സിറ്റി, കോളജുകള്‍, സ്കൂളുകള്‍ എന്നിവയെക്കുറിച്ചും അപേക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. യുനെസ്കോ അംഗീകരിച്ച കൂടിയാട്ടം, മുടിയാട്ടം എന്നീ അനുഷ്ഠാനകലകളെക്കുറിച്ചുള്ള വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. അപേക്ഷ വിലയിരുത്തിയതിനുശേഷം യുനെസ്കോ തീരുമാനം കൈക്കൊള്ളുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.