യുവാവിന്റെ ദുരൂഹമരണം: ഫോറൻസിക് പരിശോധന നടത്തി
1262455
Friday, January 27, 2023 10:21 PM IST
തൊടുപുഴ: പുതുവത്സരാഘോഷത്തിനിടെ കലുങ്കിനടിയിൽ അവശനിലയിൽ കണ്ട യുവാവു മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുള്ളരിങ്ങാട് വെള്ളെള്ള് കാരിക്കാട്ടുകുഴിയിൽ ക്രിസ്റ്റി എൽദോസ് (27) ആണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്.
മരണത്തിൽ ദുരൂഹതയുള്ളതായി പരാതി ഉയർന്നതിനെത്തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ക്രിസ്റ്റിയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകളിൽനിന്നു കാൽ വഴുതി തോട്ടിൽ വീണതാകാമെന്ന നിഗമനത്തിലാണു പോലീസ്.
ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്റെ നേതൃത്വത്തിൽ ക്രിസ്റ്റി വീണുകിടന്ന കലുങ്കിനടിയിലും തോട്ടിലും പരിശോധന നടത്തിയത്. ക്രിസ്റ്റിയുടെ ശരീരത്തിന്റെ ഇടതുഭാഗത്താണ് പരിക്കേറ്റതെന്നും കലുങ്കിൽനിന്നു നേരെ തോട്ടിലേക്കു വീണതിനെത്തുടർന്നുണ്ടായ പരിക്കുകളാണെന്നു പരിശോധനയിൽ വ്യക്തമായതായും കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി പറഞ്ഞു.
പുതുവത്സരദിനത്തിൽ ക്രിസ്റ്റിയും സുഹൃത്തുക്കളും ചേർന്ന് ഉറുന്പുതോട് പാലത്തിലിരുന്നു മദ്യപിച്ചിരുന്നതായി പറയുന്നു. പിന്നീട് പാലത്തിന്റെ മുകളിൽനിന്നു തോട്ടിലേക്കു വീണ നിലയിലാണു ക്രിസ്റ്റിയെ പിറ്റേന്നു രാവിലെ കണ്ടെത്തിയത്.
ആദ്യം കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു.
വീഴ്ചയിൽ ഇടുപ്പെല്ലിനു ക്ഷതമേൽക്കുകയും ഇടതു കൈ ഒടിയുകയും തലയ്ക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ക്രിസ്റ്റിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുകളെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ബന്ധുക്കളും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.