ദ്രുത പ്രതികരണ സേനാംഗങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു
1265682
Tuesday, February 7, 2023 10:26 PM IST
രാജകുമാരി: കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി വനംവകുപ്പ് നിയോഗിച്ച വയനാട്ടില്‍നിന്നുള്ള ദ്രുത പ്രതികരണ സേനാംഗങ്ങളെ പൂപ്പാറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
കാട്ടാനശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. അരുണ്‍ പൂപ്പാറയില്‍ നടത്തിയ നിരാഹാര സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം.
വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി പേത്തൊട്ടിയിലെ താമസസ്ഥലത്തേക്കു പോയ ദ്രുത പ്രതികരണ സേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തുണ്ടായിരുന്ന പോലീസും ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി ദ്രുത പ്രതികരണ സേനയുടെ വാഹനം കടത്തിവിട്ടു.
പ്രശ്നക്കാരായ കാട്ടാനകളെ മയക്കുവെടിവച്ചു കൊണ്ടുപോകുന്നതിനു പകരം ദ്രുത പ്രതികരണ സേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു