സംരക്ഷണഭിത്തിയില്ല: വാഹനങ്ങൾക്ക് ഭീഷണി
1425273
Monday, May 27, 2024 2:35 AM IST
നെയ്യശേരി: മൂന്നു റോഡുകൾ വന്നു ചേരുന്ന ജംഗ്ഷനിലെ വളവിൽ വിള്ളലുണ്ടായതും സംരക്ഷണ ഭിത്തിയില്ലാത്തതും വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. നെയ്യശേരിയിൽനിന്നു കൊടുവേലിക്കും കോടിക്കുളത്തിനും പോകുന്ന മൂന്നു റോഡുകൾ ചേരുന്ന ജംഗ്ഷനിലെ ശശിമുക്ക് വളവാണ് അപകടാവസ്ഥയിലായത്. ഇവിടെ റോഡിനു ബലക്ഷയമായതോടെ റിബണ്‍ വലിച്ചു കെട്ടി വാഹനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് നാട്ടുകാർ.
കൊടുവേലി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഇറക്കം ഇറങ്ങി വരുന്പോൾ ഡ്രൈവർമാരുടെ ശ്രദ്ധ പാളിയാൽ വാഹനം സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്തു കൂടി താഴ്ചയിലേയ്ക്ക് പതിക്കും.
കോടിക്കുളം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നെയ്യശേരിക്ക് പോകാനായി വളവു തിരിക്കുന്പോൾ അപകടാവസ്ഥയിലുള്ള സൈഡ് ചേർന്ന് പോകേണ്ടി വരുന്നതും അപകടകാരണമാകും. അടിയന്തരമായി ഇവിടെ സംരക്ഷണഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.