വിദ്യാർഥികൾ സമൂഹത്തിന്റെ പ്രകാശമാകണം: മാർ ജോസ് പുളിക്കൽ
1428981
Thursday, June 13, 2024 4:01 AM IST
പെരുവന്താനം: വിദ്യാർഥികൾ സമൂഹത്തിന്റെ പ്രകാശമാകണമെന്നും തന്റെ അയൽക്കാരന്റെ മുഖം കാണുവാനാകുന്ന പ്രകാശത്തിൽ സഞ്ചരിക്കണമെന്നും മാർ ജോസ് പുളിക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ സംഘടിപ്പിച്ച എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കുള്ള അനുമോദനവും എഐസിടിഇ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എംജി യൂണിവേഴ്സിറ്റി പരീക്ഷാഫലങ്ങളിൽ 100 ശതമാനം വിജയം ഉൾപ്പെടെ മികച്ച വിജയമാണ് കോളജ് കൈവരിച്ചതെന്നും ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടും അനുഭവ പരിചയവുമുള്ള മാനേജ്മെന്റിന്റെയും ദൈവവിശ്വാസമുള്ള അധ്യാപകരുടെയും കൂട്ടായ പരിശ്രമവുമാണ് ഈ വിജയങ്ങള്ക്കടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മേളനത്തിൽ പുതിയതായി അനുവദിച്ച ബിസിഎ ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്, എംഎസ്ഡബ്ല്യൂ, ബിഎസ്സി സൈക്കോളജി കോഴ്സുകളുടെ ഉദ്ഘാടനവും പുതിയ വിദ്യാഭ്യാസ നയത്തിനു അനുസൃതമായി പാര്‍ട്ട് ടൈം ജോലി ഉറപ്പാക്കുന്ന പ്രോജക്ട് ഉദ്ഘാടനവും മാർ ജോസ് പുളിക്കൽ നിർവഹിച്ചു. കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോപാര്ക്ക് ചെയര്മാന് ജോർജുകുട്ടി ആഗസ്തി മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, പെരുവന്താനം സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ താഴത്തുവീട്ടില്‍, കോളജ് സെക്രട്ടറി ടിജോമോന്‍ ജേക്കബ്, കോളജ് വിസിറ്റിംഗ് ഫാക്കല്‍റ്റി അംഗങ്ങളായ ഫാ. ജോസഫ് വാഴപ്പനാടി, ഫാ. ജോസഫ് മൈലാടിയില്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപര്‍ണ രാജു, ബോബി കെ. മാത്യു എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ റാങ്ക് നേട്ടം കൈവരിച്ച വിദ്യാർഥികൾക്ക് മൊമന്റോയ്ക്കൊപ്പം സ്വർണമോതിരങ്ങള്‍ പാരിതോഷികമായി നൽകി. ഈ വർഷം പ്ലെയ്സ്മെന്റ് ലഭിച്ച 52 വിദ്യാർഥികളെയും ഉന്നതവിജയം നേടിയവരെയും സമ്മേളനത്തിൽ ആദരിച്ചു.