ദുരന്തനിവാരണത്തിന് പഴുതടച്ച ഒരുക്കം
1561285
Wednesday, May 21, 2025 5:32 AM IST
ഇടുക്കി: ജില്ലയിലെ ദുരന്ത സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി. 2018-ലെ പ്രളയ ദുരന്തം മുന്നിൽക്കണ്ടാണ് നടപടി. ജില്ലയിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ബാധിക്കാൻ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി വിവിധ താലൂക്കുകളുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സബ് കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും ഏകോപിപ്പിക്കും. എല്ലാ താലൂക്കുകളിലും കണ്ട്രോൾ റൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ഗർഭിണികൾ, ശാരീരിക വൈകല്യങ്ങളുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, കുട്ടികൾ എന്നിവരുടെ കണക്കെടുക്കണമെന്നും കളക്ടർ നിർദേശിച്ചു. 20180ലെ പ്രളയത്തിൽ ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിച്ച, വെള്ളം കയറാത്ത കേന്ദ്രങ്ങൾ ഉടൻ നിശ്ചയിക്കും.
ഇവയുടെ പരിസരത്തെ കാടും പടലും തൊഴിലുറപ്പ് പദ്ധതി പ്രകാരം വൃത്തിയാക്കും. ഇവിടുത്തെ ശുചിമുറികൾ വൃത്തിയാക്കുന്നതിനും വൈദ്യുതി ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കും. ഡാമുകൾ തുറക്കുന്നതു സംബന്ധിച്ച് കൃത്യത ഉണ്ടായിരിക്കണമെന്നും പകൽ സമയത്തായിരിക്കണമെന്നും ഇതു സംബന്ധിച്ചു പൊതുജനങ്ങൾക്ക് കൃത്യമായി മുന്നറിയിപ്പ് നൽകണമെന്നും കളക്ടർ നിർദേശിച്ചു. ഒരു ക്യാന്പിൽ രണ്ട് ഐസൊലേഷൻ റൂമുകൾ പ്രവർത്തിക്കണം.
പകർച്ച വ്യാധികൾ പടരാതിരിക്കാൻ സാനിറ്റൈസേഷൻ നടപടികൾ കൈക്കൊള്ളണം. വില്ലേജ് ഓഫീസർക്കു പുറമേ എല്ലാ ക്യാന്പുകളിലും വെൽഫയർ ഓഫീസർ ഉണ്ടായിരിക്കണം. ക്യാന്പുകളിൽ ആഹാരവും മെഡിക്കൽ സഹായവും തദ്ദേശ സ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തണം.
25നു പ്രത്യേക ഗ്രാമസഭ
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ ഏകോപിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ എല്ലാ പഞ്ചായത്തുകളിലും 25നു ഗ്രാമസഭ വിളിച്ചു ചേർക്കണം. ഓരോ പഞ്ചായത്തിലും ഓരോ വാർഡിലും 25 വീടുകൾക്ക് ഒരു വോളന്റിയറെ നിയമിക്കണം.റോഡിന്റെ ഇരുവശങ്ങളിൽ അഞ്ചു മീറ്റർ ചുറ്റളവിലെ മരച്ചില്ലകൾ വെട്ടി വൃത്തിയാക്കണം.
റോഡുകളിൽ കാഴ്ച മറയ്ക്കുന്ന സ്ഥിതിയുണ്ടാകരുത്. റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉടൻ നടപടി സ്വീകരിക്കണം. മഴക്കാലത്ത് അവധി പ്രഖ്യാപിക്കുന്പോൾ വീടുകളിൽ ഒറ്റയ്ക്കായി പോകാൻ സാധ്യതയുള്ള കുട്ടികളുടെ വിവരം ശേഖരിക്കണം. അവധി ദിനങ്ങളിൽ ഭക്ഷണം ലഭിക്കാത്ത കുട്ടികൾക്ക് ഭക്ഷണം എത്തിക്കാനും വീടുകളിൽ ഒറ്റയ്ക്കിരുത്താതെ കുട്ടികൾക്ക് അങ്കണവാടികളിൽ സൗകര്യം ഒരുക്കുകയും വേണം. അങ്കണവാടികളിലുള്ള അഡോളസൻസ് ക്ലബുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണം.
സ്കൂളുകളിൽ നിന്ന് വീട്ടിൽ പോകുന്ന കുട്ടികളുടെയും ഹോസ്റ്റലുകളിൽ താമസിക്കുന്ന കുട്ടികളുടെയും പേര് വിവരങ്ങൾ ശേഖരിക്കണം.സ്കൂളുകളിലും കോളജുകളിലും വെള്ളക്കെട്ട് തടയണം. അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങൾ വെട്ടിനീക്കണം. തൊഴിലുറപ്പ് ജീവനക്കാർക്ക് എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തണം. മഴക്കാലത്ത് പ്രഖ്യാപിക്കുന്ന അലർട്ടുകൾ വിനോദസഞ്ചാരമേഖലകൾ കൃത്യമായി പാലിക്കണം. നിയമങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
ദുരന്തനിവാരണത്തിന് 2,200 പോലീസുകാർ
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി 2,200 പോലീസുകാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് പൊലീസ് വകുപ്പ് യോഗത്തിൽ അറിയിച്ചു. ഇടുക്കി എആർ ക്യാന്പിലെ ക്വിക്ക് റെസ്പോണ്‍സ് ടീം സജ്ജമാണ്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.പരിശീലനം നേടിയ 600 സിവിൽ ഡിഫൻസ് വൊളണ്ടിയേഴ്സിന്റെ സേവനം ലഭ്യമാണെന്ന് ഫയർ ആന്റ് റെസ്ക്യു സർവീസ് അധികൃതർ യോഗത്തിൽ അറിയിച്ചു.
പോലീസും ഫയർ ഫോഴ്സും തങ്ങളുടെ പക്കലുള്ള വോളന്റിയർമാരുടെ വിവരങ്ങൾ ജില്ലാ ദുരന്ത നിവാരണ സമിതിക്കു കൈമാറും. തിരുവനന്തപുരം പാങ്ങോട് ക്യാന്പ് ചെയ്തിട്ടുള്ള എൻഡിആർഎഫിന്റെ ടീം അടിയന്തര സാഹചര്യത്തിൽ ജില്ലയിൽ എത്താൻ സജ്ജമാണെന്ന് എൻഡിആർഎഫ് പ്രതിനിധി യോഗത്തിൽ അറിയിച്ചു. എം.എം. മണി എംഎൽഎ, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി.ജേക്കബ്, വിവിധ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വാഴൂർ സോമൻ എംഎൽഎ ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുത്തു.