മോൺ. ജോസ് നരിതൂക്കിൽ ഇടുക്കി രൂപത വികാരി ജനറാൾ
1561919
Friday, May 23, 2025 11:31 PM IST
കരിമ്പൻ: ഇടുക്കി രൂപതയുടെ വികാരി ജനറാളായി മോൺ. ജോസ് നരിതൂക്കിൽ നിയമിതനായി. ഇന്നലെ വൈകുന്നേരം രൂപത കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ഒമ്പതുവർഷമായി മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായിരുന്നു.
1962ൽ പനംകൂട്ടി നരിതൂക്കിൽ മാത്യു- അന്നമ്മ ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. ചെമ്പകപ്പാറ, തൊടുപുഴ, കരിമണ്ണൂർ, വാഴത്തോപ്പ്, നെല്ലിമറ്റം ഇടവകകളിൽ സഹവികാരിയായും മാതിരപ്പള്ളി, കീരിത്തോട്, ഇടുക്കി, കൂമ്പൻപാറ, ചുരളി ഇടവകകളിൽ വികാരിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
ഇവാഞ്ചലൈസേഷൻ 2000 ഹൈറേഞ്ച് മേഖല ഡയറക്ടർ, പ്രയർ ഗ്രൂപ്പ് കോതമംഗലം, ഇടുക്കി രൂപതകളുടെ ഡയറക്ടർ, കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി, കെഎസ്ടി ചെയർമാൻ എന്നീ മേഖലകളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മോൺ. ജോസ് പ്ലാച്ചിക്കൽ വിരമിക്കുന്ന സാഹചര്യത്തിലാണ് മോൺ. ജോസ് നരിതൂക്കിലിന്റെ നിയമനം. രാജകുമാരി ദൈവമാതാ തീർഥാടന പള്ളി വികാരികൂടിയായാണ് നിയമനം.