തമിഴ്നാട്ടിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1561464
Wednesday, May 21, 2025 11:49 PM IST
മൂന്നാർ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് തോട്ടം മേഖലയുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മൂന്നാർ ഗൂഡാർവിള സ്വദേശിയും ഇപ്പോൾ കുറ്റിയാർവാലിയിൽ താമസിക്കാരുമായ നിക്സണ്, ഭാര്യ ജാനകി, മകൾ ഹെമിമിത്ര എന്നിവരായിരുന്നു വാഹനാപകടത്തിൽ മരിച്ചത്. മൂന്നാറിലെത്തിച്ച മൂന്നുപേരുടെയും മൃതദേഹം ഗൂഡാർവിള സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിച്ചു. വികാരി ഫാ. ആന്റണി കന്നിശേരി പ്രാർഥനാശുശ്രൂഷകർക്കു നേതൃത്വം നൽകി. വീട്ടിൽ നടന്ന പ്രാർഥനാ ചടങ്ങുകൾക്കു ശേഷം മൂന്നു ട്രാക്ടറുകളിലായി മൃതദേഹങ്ങൾ വിലാപയാത്രയായി ദേവാലയത്തിൽ എത്തിച്ചു. അപകടത്തിൽ രക്ഷപ്പെട്ട ഇളയ മകൾ മൗനിശ്രീ തമിഴ്നാടിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മൗനിക്ക് കൈയിലും കാലിലും ഗുരുതര പരിക്കുണ്ട്.
തമിഴ്നാട് തിരുപ്പൂരിനു സമീപം കാങ്കയത്തായിരുന്നു ഇന്നലെ രാവിലെ വാഹാനാപകടം ഉണ്ടായത്. അപകടത്തിൽ നിക്സണും ഭാര്യ ജാനകിയും മകൾ ഹെമിമിത്രയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ജാനകി തമിഴ്നാട്ടിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. കുട്ടികൾ പഠനം നടന്നിരുന്നതും ഇവിടെയാണ്. മറയൂരിലെ ഒരാഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷം ഇന്നലെ പുലർച്ചെ ജാനകിയുടെ തമിഴ്നാട്ടിലെ ജോലി സ്ഥലത്തേക്കു നാലംഗകുടുംബം സഞ്ചരിക്കവേയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ പാതയോരത്തെ മരത്തിലിടിക്കുകയായിരുന്നു. മരിച്ച മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് രാത്രിയിൽ മൂന്നാറിലെത്തിച്ചു. ഗൂഡാർവിള എസ്റ്റേറ്റിലെ ബന്ധുവീട്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചു. അഡ്വ. എ. രാജ എംഎൽഎ, മുൻ എംഎൽഎ എ.കെ. മണിയടക്കം നിരവധിപേർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് ഭാരവാഹികളും ആദരാഞ്ജലികളർപ്പിച്ചു.