കുട്ടിക്കാനം മരിയൻ കോളജിൽ മാധ്യമപഠന പിജി പ്രോഗ്രാമിന് അഡ്മിഷൻ
1561712
Thursday, May 22, 2025 11:33 PM IST
കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളജിലെ മാധ്യമപഠന പിജി പ്രോഗ്രാമായ എംഎ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസിന്റെ ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
ഫോട്ടോഗ്രഫി, സിനിമ, പ്രിന്റ് മീഡിയ പ്രൊഡക്ഷൻസ്, ടെലിവിഷൻ ന്യൂസ് പ്രൊഡക്ഷൻ, അഡ്വർടൈസിംഗ്, പബ്ലിക് റിലേഷൻസ്, ട്രാവൽ വ്ലോഗ്സ്, ഷോർട് ഫിലിം ആൻഡ് ഡോക്യുമെന്ററി പ്രൊഡക്ഷൻ, സൗണ്ട് ഡിസൈനിംഗ്, വീഡിയോഗ്രഫി ആൻഡ് വീഡിയോ എഡിറ്റിംഗ്, അച്ചടി, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, കോർപറേറ്റ് കമ്യൂണിക്കേഷൻ, ബിസിനസ് ജേർണലിസം, ഡേറ്റ ജേർണലിസം തുടങ്ങിയ വിവിധ മേഖലകൾ ഒരേ കുടക്കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ പ്രോഗ്രാമിനെ മറ്റു മാധ്യമ പഠന പ്രോഗ്രാമുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.
പുതിയ വിദ്യാഭ്യാസ നയത്തോടു ചേർന്നുനിന്നു ഫലാധിഷ്ഠിത വിദ്യാഭ്യാസ രീതിയിലൂടെ വിദ്യാർഥികളെ തൊഴിലിൽ പ്രാവീണ്യമുള്ളവരാക്കാൻ അതതു തൊഴിൽ മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. കേരള യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗം മുൻ തലവൻ പ്രഫ.എം. വിജയകുമാറാണ് പ്രോഗ്രാം ഡയറക്ടർ.
വിവിധ വിഷയങ്ങളിലെ ക്ലാസുകൾക്കൊപ്പം ഓഡിയോ വിഷ്വൽ റിക്കാഡിംഗ് സ്റ്റുഡിയോയിലെ പരിശീലനം, വിവിധ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിലെ പങ്കാളിത്തം, അഡ്വാൻസ്ഡ് ക്ലാസ്റൂം ഫസിലിറ്റി, കാമറകളുടെയും എഡിറ്റിംഗ് കന്പ്യൂട്ടറുകളുടെയും ലഭ്യത, പ്ലേസ്മെന്റ് ട്രെയിനിംഗ്, വ്യക്തിത്വ വികസന പരിപാടികൾ എന്നിവയും പ്രോഗ്രാമിന്റെ പ്രത്യേകതകളാണ്.
കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) യുടെയും കുട്ടിക്കാനം മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ 2017 മുതൽ വിദ്യാർഥികൾ നടത്തിവരുന്ന കുട്ടിക്കാനം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (കിഫ് ) കാന്പസ് ഫിലിം ഫെസ്റ്റിവലുകളിൽവച്ച് ഏറ്റവും മികച്ച പ്രതികരണം നേടിയിട്ടുള്ളതാണ്. കൂടാതെ ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളും നടത്തിവരുന്നു.
വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലിക്കുള്ള സാധ്യതകളും ഈ പ്രോഗ്രാമിന്റെ സമയക്രമീകരണം വഴി ലഭിക്കുന്നു. ’എ ഹാപ്പനിംഗ് കാന്പസ്’ എന്ന പേരുകേട്ട മരിയൻ കോളജിൽ എല്ലാ ദിവസവുംതന്നെ നടത്തപ്പെടുന്ന പ്രോഗ്രാമുകളിൽ പങ്കുചേരാനുള്ള അവസരമുണ്ട്. കൂടാതെ സിനിമകളും ഡോക്യുമെന്ററികളും ഇഷ്ടപ്പെടുന്നവർക്ക് കുട്ടിക്കാനം നല്ലൊരു ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ്.
അഡ്മിഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക്: 95627 9455, 94957 7545, 97446 1411.