രാജമുടിയിൽ കടുവ ചത്ത നിലയിൽ
1561715
Thursday, May 22, 2025 11:33 PM IST
വണ്ടിപ്പെരിയാർ: രാജമുടിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രാജമുടി എസ്റ്റേറ്റിലെ ഏലക്കാട്ടിനുള്ളിൽ ഏലത്തിന് മരുന്നടിക്കുന്നതിനായി വ്യാഴാഴ്ച രാവിലെ എത്തിയ തോട്ടം തൊഴിലാളികളാണ് കടുവയെ തോട്ടത്തിനുള്ളിൽ കിടക്കുന്നതു കണ്ടത്.
ആദ്യം ജീവനുള്ളതാകും എന്നു കരുതി കാട്ടിൽനിന്നു തൊഴിലാളികൾ ഓടി റോഡിൽക്കയറി ബഹളംവച്ചപ്പോഴും കടുവ പോയില്ല. പിന്നീടാണ് വനം വകുപ്പിൽ വിവരം അറിയിച്ചത്. ഇതനുസരിച്ച് എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അഞ്ചു വയസ് പ്രായമുള്ള പെൺ കടുവയാണ് ചത്തതെന്ന് തിരിച്ചറിഞ്ഞത്.
ഇന്നലെ രാത്രിയോടെയാണ് കടുവ ചത്തതെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
പിന്നീട് കുമളി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അനുരാജ് സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. എരുമേലി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് തയാറാക്കി കടുവയുടെ ജഡം തേക്കടിയിലേക്ക് മാറ്റി. ഇന്നു നടക്കുന്ന പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മാത്രമേ കടുവ ചത്തതിന്റെ കാരണം വ്യക്തമാവുകയുള്ളൂ. ഇതേസമയം, കഴിഞ്ഞ ആഴ്ചയിൽ പ്രദേശവാസികൾ കടുവയെ ഈ മേഖലയിൽ കണ്ടതായി പറയുന്നുണ്ട്. പ്രദേശത്ത് വളർത്തുമൃഗങ്ങളുടെയോ മറ്റു വന്യമൃഗങ്ങളുടെ ജഡമോ അവശിഷ്ടമോ കണ്ടെത്തുകയോ ചെയ്തിട്ടില്ല.