കരാറുകാരൻ വാക്കുപാലിച്ചില്ല; റോഡിന് സ്ഥലം വിട്ടുനൽകിയ കുടുംബം മണ്ണിടിച്ചിൽ ഭീഷണിയിൽ
1561468
Wednesday, May 21, 2025 11:49 PM IST
ചെറുതോണി : റോഡ് നിർമിക്കുന്നതിന് സ്ഥലം വിട്ടുകൊടുത്ത കുടുംബം മണ്ണിടിച്ചിൽ ഭീഷണിയിലായിൽ. വാഴത്തോപ്പ് പഞ്ചായത്തിലെ പേപ്പാറയിൽ താമസിക്കുന്ന നെല്ലാനിക്കൽ ചിന്നമ്മയും കുടുംബവുമാണ് ദുരിതത്തിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയ പുനരധിവാസ പദ്ധതിയിൽ പെടുത്തിയാണ് വാഴത്തോപ്പ് പഞ്ചായത്തിൽ പൈനാവ്-താന്നിക്കണ്ടം-പേപ്പാറ-മണിയാറൻകുടി - അശോകകവല റോഡ് നിർമിച്ചത്. 22 കിലോമീറ്റർ ദൂരമുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നതിനായി 122 കോടി രൂപയും അനുവദിച്ചു.
കെഎസ്ടിപിക്ക് ആയിരുന്നു റോഡിന്റെ നിർമാണച്ചുമതല. അവികസിതമേഖലയായ പേപ്പാറയിലൂടെ ഉന്നത നിലവാരത്തിലുള്ള റോഡ് നിർമിക്കുമെന്ന പ്രതീക്ഷയിൽ പ്രദേശവാസിയായ നെല്ലാനിക്കൽ ചിന്നമ്മ സ്വന്തം പേരിലുള്ള പട്ടയഭൂമി വിട്ടുനൽകി. റോഡിനായി ഇവർ വിട്ടുനൽകിയ ഭൂമിയിൽ മണ്ണിട്ടുയർത്തി റോഡ് നിർമിച്ചതോടെ വീട് അപകടാവസ്ഥയിലായി.
റോഡിന് സംരക്ഷണഭിത്തി നിർമിച്ചുനൽകുമെന്ന വ്യവസ്ഥയിലാണ് ഈ കുടുംബം സ്ഥലം വിട്ടുനൽകിയത്. എന്നാൽ, വാക്കുപാലിക്കാൻ കരാറുകാരൻ തയാറായില്ലെന്ന് ഇവർ പറയുന്നു. കാലവർഷം ശക്തമാകുന്നതോടെ മണ്ണിടിച്ചിൽ ഭീഷണിയിലാണ് ഈ കുടുംബം കഴിയുന്നത്. വീടിനോടു ചേർന്ന് മണ്ണിട്ടുയർത്തി റോഡ് നിർമിച്ചതാണ് ചിന്നമ്മയെയും കുടുംബാംഗങ്ങളെയും ആശങ്കയിലാക്കുന്നത്. ഈ ഭാഗത്ത് റോഡിന് സംരക്ഷണഭിത്തി നിർമിക്കുമെന്ന് പിഡബ്ല്യുഡി അധികൃതർ വാക്കുനൽകിയതിനാലാണ് റോഡിനായി സ്ഥലം വിട്ടുനൽകിയതെന്ന് ഇവർ പറഞ്ഞു.
സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ റോഡിന്റെ നിർമാണം പൂർണമാക്കാതെ കരാറുകാരൻ കടന്നു. ഇതോടെ, ഇവിടെ 100 മീറ്റർ ദൂരം റോഡ് പണി പൂർത്തിയാക്കാതെ ഉപേക്ഷിച്ച നിലയിലാണ്. നാട്ടുകാർ ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.
മഴ ശക്തമാവുന്നതോടെ ഈ വീടിനു മുകളിലേക്ക് മണ്ണിടിയാനുള്ള സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 2018ലെ പ്രളയത്തിൽ വലിയ മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും ഉണ്ടായ പ്രദേശത്തു കൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്.
ചിന്നമ്മയ്ക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം ഒരുക്കി അടിയന്തരമായി റോഡിന്റെ നിർമാണം പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.