അതിതീവ്ര മഴ വരുന്നു; ജില്ലയിൽ ജാഗ്രത
1561922
Friday, May 23, 2025 11:32 PM IST
തൊടുപുഴ: ജില്ലയിൽ ഇന്നും തിങ്കളാഴ്ചയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഓറഞ്ച് അലർട്ടും തിങ്കളാഴ്ച റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനത്തിൽ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ജില്ലയിൽ ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത്. ഇന്ന് ജില്ലയിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 26ന് അതിതീവ്രമായ മഴയും പ്രവചിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി.
മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി ക്യാന്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്. അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക.
വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ ഈ സമയം ഒഴിവാക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ശക്തമാകുന്പോൾ വൈദ്യുതി കന്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.