സൗഹൃദവും സാന്ത്വനവുമായി പൂർവവിദ്യാർഥീ കൂട്ടായ്മ
1561463
Wednesday, May 21, 2025 11:49 PM IST
മാങ്കുളം: സെന്റ് മേരീസ് ഹൈസ്കൂളിലെ 1995 ബാച്ചിലെ പൂർവ വിദ്യാർഥി കുടുംബസമ്മേളനം സൗഹൃദത്തോടൊപ്പം സാന്ത്വനവുമായി. സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയതിന്റെ 30-ാം വാർഷികത്തിൽ സംഘടിപ്പിച്ച സമ്മേളനം മുൻ ഹെഡ്മാസ്റ്റർ പി.ജെ. ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
1995 ബാച്ച് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. സെബിൻ എസ്. കൊട്ടാരം അധ്യക്ഷത വഹിച്ചു. ആന്ധ്രപ്രദേശിലെ നാഗാരാമിലുള്ള ബാല യേശു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സജീവ, കെ.ജെ. സാജു, ദീപ ജോണ്, സീമ ബിനോയ്, സീമ സോണി എന്നിവർ പ്രസംഗിച്ചു.
ഒന്നാം ക്ലാസ് മുതൽ ഒപ്പം പഠിച്ചവരും ഇടയ്ക്ക് മറ്റു സ്കൂളുകളിലേക്ക് മാറിപ്പോയവരും പഠനം നിർത്തിയവരും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു കൂട്ടായ്മ.
മണ്മറഞ്ഞ കൂട്ടുകാരെയും അധ്യാപകരെയും ചടങ്ങിൽ അനുസ്മരിച്ചു സൗഹൃദത്തിനൊപ്പം രണ്ടു കൂട്ടുകാരുടെ ഭവന നിർമാണത്തിനും മറ്റൊരാളുടെ ജീവിതപങ്കാളിയുടെ ചികിൽസയ്ക്കും കൈത്താങ്ങാകാനും കൂട്ടായ്മ തീരുമാനിച്ചു. ഭാരവാഹികളായി പി.ജെ. ലൂക്കോസ്-രക്ഷാധികാരി, ഡോ. സെബിൻ എസ്. കൊട്ടാരം-പ്രസിഡന്റ്, ഇ.എസ്.അബ്ദുള്ള-വൈസ് പ്രസിഡന്റ്, സീമ ബിനോയ്- സെക്രട്ടറി, കെ.എസ്. മനോജ്- ജോ. സെക്രട്ടറി, സീമ സോണി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.