ദേശവിരുദ്ധ പരാമർശം: യുവാവ് അറസ്റ്റിൽ
1561920
Friday, May 23, 2025 11:31 PM IST
തൊടുപുഴ: ഇന്ത്യൻ സൈന്യത്തിനെതിരേ ദേശവിരുദ്ധ പരാമർശം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏറനാട് കാരക്കുന്ന് ചെറുകാട്ട് മുഹമ്മദ് നസീമിനെ (26) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മുഹമ്മദ് ദേശവിരുദ്ധ പരാമർശം നടത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പ്രതി സോഷ്യൽ മീഡിയ വഴി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ഡിസിആർബി ഡിവൈഎസ്പി കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എ. സുരേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടുക്കിയിലെത്തിച്ച പ്രതിയെ തൊടുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.