ബഫർ സോണ്‍; ഉത്തരവു പിൻവലിക്കാൻ മന്ത്രി റോഷിയുടെ നിർദേശം
1561723
Thursday, May 22, 2025 11:33 PM IST
തൊടുപുഴ: സംസ്ഥാനത്തെ ഡാമുകൾ അടക്കമുള്ള ഇറിഗേഷൻ നിർമിതികൾക്ക് സമീപത്തുള്ള ക്വാറികൾക്ക് ജലവിഭവ വകുപ്പിന്റെ നിരാക്ഷേപ പത്രം നൽകുന്നതിന് നിബന്ധനകൾ ഏർപ്പെടുത്തിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. നിലവിലെ ഉത്തരവ് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. നിബന്ധനകൾ ഒഴിവാക്കി പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് ക്വാറികൾക്ക് 2003-ലെ കേരള വാട്ടർ കണ്‍സർവേഷൻ നിയമപ്രകാരമുള്ള ജലസേചനവകുപ്പിന്റെ എൻഒസി നൽകുന്നതു സംബന്ധിച്ച് നിബന്ധനകൾ തീരുമാനിച്ച് പുറത്തിറക്കിയ 2025 ജനുവരി 20ലെ ഉത്തരവാണ് റദ്ദാക്കുന്നത്. ജലവിഭവവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിർമാണമേഖലയിൽ കടുത്ത പ്രതിസന്ധിക്കിടയാക്കുമെന്ന് പരാതി ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് ഉത്തരവ് പിൻവലിക്കാൻ മന്ത്രി നിർദേശിച്ചത്.
2003ലെ വാട്ടർ കണ്‍സർവേഷൻ നിയമപ്രകാരം ജില്ലാ കളക്ടറും ജലവിഭവ വകുപ്പ് ഓഫീസറും നിർമാണപ്രവർത്തനങ്ങളുടെ അതിർത്തി നിശ്ചയിച്ച് ബഫർ സോണ്‍ തീരുമാനിക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതു പരിഗണിച്ചു മാത്രമേ എൻഒസി നൽകാവൂ എന്നും നിർദേശിച്ചിരുന്നു. എക്സിക്യൂട്ടീവ് എൻജിനിയർമാർക്കാണ് എൻഒസി നൽകാനുള്ള അധികാരം നൽകിയിരുന്നത്.