ജാഗ്രത സമിതി ഇടപെട്ടു; പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ കറക്കം മുടങ്ങി
1561913
Friday, May 23, 2025 11:31 PM IST
അറക്കുളം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ബൈക്കിൽ കറങ്ങാൻ ഇറങ്ങിയ കമിതാക്കളെ ജാഗ്രതാ സമിതിയുടെ ഇടപെടലോടെ രക്ഷിതാക്കൾക്കൊപ്പം തിരികെ വീട്ടിലേക്കയച്ചു. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയും തൃശൂർ സ്വദേശിയായ വിദ്യാർഥിയുമാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഒന്നിച്ച് ചുറ്റിക്കറങ്ങാനായി അറക്കുളത്തെ ഒരു സ്കൂളിന് സമീപം എത്തിയത്.
കാമുകന്റെ ബൈക്കിലായിരുന്നു ഇരുവരും എത്തിയത്.
പിന്നീട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ കാഞ്ഞാറിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി ഇവർ കയറി. ഈ സമയം കാഞ്ഞാർ എസ്ഐയുടെ നേതൃത്വത്തിൽ സ്കൂളിൽ ജാഗ്രത സമിതിയുടെ യോഗം നടക്കുന്നുണ്ടായിരുന്നു. സ്കൂളിനു സമീപം സംശയാസ്പദമായ നിലയിൽ ഇവർ പോകുന്നത് കണ്ട നാട്ടുകാർ വിവരം സ്കൂൾ അധികൃതരെ അറിയിച്ചു.
പിന്നീട് പോലീസും സ്കൂൾ അധികൃതരും ചേർന്ന് ഇവരെ ഹോട്ടലിൽ എത്തി കൈയോടെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പെണ്‍കുട്ടിയെ മാതാവിനൊപ്പവും ആണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം താക്കീത് നൽകിയും പറഞ്ഞയച്ചു.