വയനാട് ദുരന്തബാധിതർക്ക് സ്നേഹാർച്ചനയായി 101 കട്ടിലുകൾ
1561709
Thursday, May 22, 2025 11:33 PM IST
തൊടുപുഴ: പ്രിയതമയുടെയും സഹോദരിയുടെയും ദീപ്തസ്മരണയ്ക്കു മുന്നിൽ സ്നേഹാർച്ചനയായി വയനാട് ദുരന്തബാധിതർക്ക് 101 കട്ടിലുകൾ നൽകുമെന്ന് മൂലമറ്റം സ്വദേശി സെബാസ്റ്റ്യൻ സൈമണ്‍ ഇടക്കര പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭാര്യ ത്രേസ്യാമ്മ കഴിഞ്ഞ ജനുവരി 11നും കണ്ണൂർ ആലക്കോട് സ്വദേശിനിയായ സഹോദരി മറിയാമ്മ മാത്യു വെള്ളിമൂഴയിൽ കഴിഞ്ഞ വർഷം ഡിസംബർ മൂന്നിനുമാണ് ഈ ലോകത്തോടു വിടപറഞ്ഞത്. ഇരുവരോടുമുള്ള സ്നേഹത്തിന്റെയും വയനാട്ടിൽ ഉറ്റവരും സ്വന്തം പുരയിടവും ജീവനോപാധികളും നഷ്ടപ്പെട്ടവരെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സാമൂഹ്യപ്രതിബദ്ധതയുടെയും ഭാഗമായാണ് 86ന്റെ നിറവിലെത്തിയ അറക്കുളത്തെ ആദ്യകാല കുടിയേറ്റ കർഷകനായ സൈമണ്‍ ഇടക്കര സഹായഹസ്തം നൽകുന്നത്.
4,000 രൂപ വീതമുള്ള മഹാഗണിയിൽ തീർത്ത 101 കട്ടിലുകൾക്ക് 4,04,000 രൂപയാണ് ചെലവ്. മൂലമറ്റത്തെ വർക്ക്ഷോപ്പിൽ കട്ടിൽ നിർമാണം ആരംഭിച്ചുകഴിഞ്ഞു. താലൂക്ക് അധികൃതരുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളിൽ കട്ടിൽ കൈമാറും. എല്ലാം നഷ്ടപ്പെട്ട ദുരന്തബാധിതരോടുള്ള ഐക്യദാർഢ്യം കൂടിയാണ് ഈ കാരുണ്യപ്രവൃത്തിയുടെ ലക്ഷ്യമെന്ന് സൈമണ്‍ ഇടക്കര പറഞ്ഞു. സെബാസ്റ്റ്യൻ, ജിമ്മി, ജോമോൻ എന്നിവരാണു മക്കൾ.