മൂന്നാറിന്റെ വിശുദ്ധചൈതന്യം മറഞ്ഞിട്ട് 109 വർഷം
1561716
Thursday, May 22, 2025 11:33 PM IST
മൂന്നാർ: മൂന്നാറിനെ സ്നേഹിച്ച് മൂന്നാറിന്റെ മണ്ണിൽ നിത്യനിദ്ര പ്രാപിച്ച വിശുദ്ധ ചൈതന്യം മറഞ്ഞിട്ട് ഇന്ന് 109 വർഷം.മൂന്നാറിനെ ഏറെ സ്നേഹിക്കുകയും തേയിലത്തോട്ടം തൊഴിലാളികൾക്കു വേണ്ടി ജീവനർപ്പിക്കുകയും ചെയ്ത സ്പാനിഷ് കർമലീത്താ മിഷണറിയായ ഫാ. അൽഫോണ്സ് 1916 മേയ് 23നാണ് മരിച്ചത്.
മൂന്നാറിൽ ജീവിച്ച് ഇവിടെത്തന്നെ മരിച്ച് സംസ്കരിക്കപ്പെട്ടെങ്കിലും ഒരു ഫോട്ടോ പോലും ഇല്ലാത്തതിനാൽ ഫാ. അൽഫോൻസിനെ കാണാനുള്ള ഭാഗ്യം മൂന്നാറിലെ പുതിയ തലമുറയ്ക്കില്ലാതെ പോയി. മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയുടെ ഉൾവശത്ത് അദ്ദേഹത്തെ അടക്കിയിരിക്കുന്ന കല്ലറ മാത്രമാണ് ഓർമപ്പെടുത്തലായി അവശേഷിക്കുന്നത്.
അദ്ദേഹത്തെ ഒരു പുണ്യപുരുഷനായി കരുതുന്ന മൂന്നാറിലെ ഇന്നത്തെ തലമുറ പ്രാർഥനകളോടെയാണ് ആ കല്ലറയ്ക്കു മുന്പിൽ മുട്ടുകുത്തുന്നത്.
1853 മാർച്ച് ഒന്നിന് സ്പെയിനിലെ വിസ്കയ പ്രദേശത്ത് മാർക്വിനയിലായിരുന്നു ജനനം. കർമലീത്താ സഭാ വൈദികനായശേഷം മിഷൻ പ്രവർത്തനങ്ങൾക്കായി 1883ൽ വരാപ്പുഴയിലെ പള്ളിപ്പുറത്ത് എത്തി. അവിടെ സേവനം ചെയ്തു വരുന്നതിനിടെയാണ് മൂന്നാറിലെ പാവപ്പെട്ട തൊഴിലാളികളെക്കുറിച്ച് അദ്ദേഹം അറിയുന്നത്.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് മൂന്നാറിൽ തേയില തോട്ട പണികൾക്കായും കെട്ടിടം പണികൾക്കായും തമിഴ്നാട്ടിൽനിന്നും ആയിരക്കണക്കിന് ആളുകൾ ഇവിടെ എത്തിയിരുന്നു. ഇവരുടെ ഇടയിൽ സേവനം ചെയ്യാൻ ആഗ്രഹിച്ച അദ്ദേഹം 1897ൽ ദിവസങ്ങളോളം കാൽനടയായി സഞ്ചരിച്ച് മൂന്നാറിൽ എത്തി.
ഭാഷ ഒരു തടസമായിരുന്നെങ്കിലും ജാതി-മത-ഭേദമെന്യേ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അദ്ദേഹം അക്ഷീണം യത്നിച്ചു. തൊഴിലാളികൾക്ക് ആതുരസേവനം നൽകുന്നതിനും അറിവു പകരുന്നതിനും പ്രാധാന്യം നൽകിയ അദ്ദേഹം കന്പനിയിൽനിന്നും പ്രത്യേക അനുവാദം വാങ്ങി 1898ൽ ഒരു പള്ളി സ്ഥാപിച്ചു. പിന്നീട് സ്വദേശമായ സ്പെയിനിലേക്കു പോലും മടങ്ങാൻ കൂട്ടാക്കാതെ തൊഴിലാളികളുടെ ഇടയിൽ ശുശ്രൂഷ നിർവഹിച്ചു പോന്നു.
ഇതിനിടയിലാണ് തൊഴിലാളികളിൽ ബ്ലാക്ക് മലേറിയ രോഗം പടർന്നുപിടിച്ചത്. അവരെ പരിചരിച്ചു വരുന്നതിനിടയിൽ അതേ രോഗം പിടിപെട്ട അദ്ദേഹം 1916 മേയ് 23ന് ഇഹലോകവാസം വെടിഞ്ഞു. കത്തോലിക്കാ വിശ്വാസികളും സുഹൃത്തുക്കളും ചേർന്നാണ് അദ്ദേഹം സ്ഥാപിച്ച പള്ളിയിൽത്തന്നെ സംസ്കാരം നടത്തിയത്. ഈ പള്ളി കഴിഞ്ഞ വർഷം മേയ് 25ന് ബസിലിക്കയായി ഉയർത്തപ്പെട്ടു.