റവന്യു ഭൂമിയിലെ വനംവകുപ്പിന്റെ കൈയേറ്റം: അതിജീവന പോരാട്ടവേദി ഹൈക്കോടതിയിലേക്ക്
1561718
Thursday, May 22, 2025 11:33 PM IST
രാജാക്കാട്: ചിന്നക്കനാലില്‍ റവന്യു ഭൂമിയിലെ വനം വകുപ്പിന്റെ കൈയേറ്റത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സ്വതന്ത്ര കര്‍ഷക സംഘടനയായ അതിജീവന പോരാട്ടവേദി. വനംവകുപ്പിന്റെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധവുമായി മുമ്പോട്ടുപോകുമെന്നും പോരാട്ടവേദി ചെയര്മാൻ റസാക് ചൂരവേലില്‍ അറിയിച്ചു.
ഭൂമിയില്‍ വനംവകുപ്പിന് ഒരു അവകാശവുമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം ഹൈക്കോടതിയെ സമീപിക്കും. റിസര്‍വ് വനമെന്ന് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ച ഭൂമി ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം ആദിവാസികള്‍ക്ക് വിതരണം നടത്താനുള്ളതാണെന്ന് ആരോപിച്ച് പട്ടികവര്‍ഗ ഏകോപന സമതിയടക്കം സമരത്തിലേക്കു നീങ്ങുന്നതിന് പിന്നാലെയാണ് വിഷയം ഏറ്റെടുത്ത് അതിജീവന പോരാട്ടവേദിയും രംഗത്തെത്തിയിരിക്കുന്നത്.
നിലവില്‍ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. കരട് വിജ്ഞാപനമിറക്കിയ ഭൂമിയുടെ കസ്റ്റോഡിയന്‍ നിലവില്‍ സെറ്റില്‍മെന്റ് ഓഫീസറായ സബ് കളക്ടറാണ്. ഇദ്ദേഹം പോലും അറിയാതെ വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്നും ഇതടക്കം കോടതിയില്‍ ചൂണ്ടിക്കാണിക്കുമെന്നും റസാക് പറഞ്ഞു.