ജില്ലയിൽ ഇനി 834 പഞ്ചായത്ത് വാർഡുകൾ
1561470
Wednesday, May 21, 2025 11:49 PM IST
തൊടുപുഴ: ജില്ലയിൽ പഞ്ചായത്തുകളുടെ വാർഡ് വിഭജനം പൂർത്തിയായി. ജില്ലയിൽ 52 പഞ്ചായത്തുകളിലായി 792 വാർഡുകളാണുണ്ടായിരുന്നത്. വാർഡ് വിഭജനം പൂർത്തിയാകുന്പോളിത് 834 ആയി ഉയർന്നു. 42 വാർഡുകളാണ് വർധിച്ചത്. നേരത്തേ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ചുയർന്ന പരാതികളും അഭിപ്രായങ്ങളും പരിഗണിച്ചാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്. നിലവിലുള്ള വാർഡുകളുടെ അതിർത്തികൾ പുനർനിർണയം ചെയ്താണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം അച്ചടി വകുപ്പിന്റെ ഇ-ഗസറ്റ് വെബ്സൈറ്റിൽ www.compose.kerala.gov.in ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജനം സംബന്ധിച്ച കരട് വിജ്ഞാപനം 27നു പുറപ്പെടുവിക്കും. വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ജൂണ്‍ അഞ്ചുവരെ സമർപ്പിക്കാം. പരാതികൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ ഡിലിമിറ്റേഷൻ സെക്രട്ടറിക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ നൽകാം.