സ്കൂട്ടർ ക്രാഷ് ബാരിയറിൽ ഇടിച്ച് യാത്രികനു പരിക്ക്
1561921
Friday, May 23, 2025 11:32 PM IST
മുട്ടം: ജൽജീവൻ മിഷൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിന് റോഡിൽ കുഴിയെടുത്ത ഭാഗത്തെ ക്രാഷ് ബാരിയറിൽ ഇരു ചക്ര വാഹനം ഇടിച്ച് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മുട്ടം ശങ്കരപ്പള്ളി പള്ളിപ്പറന്പിൽ മാർട്ടിൻ ജോസാണ് (35) അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെ മുട്ടം എംവിഐപി ഓഫീസിന് സമീപമായിരുന്നു അപകടം.
ഹോട്ടൽ ജീവനക്കാരനായ മാർട്ടിൻ തൊടുപുഴയിൽനിന്ന് വീട്ടിലേക്ക് പോകുന്പോഴായിരുന്നു അപകടം. ഗുരുതരമായ പരിക്കുകളോടെ മാർട്ടിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രാഷ് ബാരിയറിന് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിനായി റിഫ്ളക്ടർ സ്ഥാപിച്ചിരുന്നില്ല. ഇതു വലിയ അപകടത്തിന് കാരണമാകുമെന്ന് പ്രദേശത്തെ ഓട്ടോ, ടാക്സി ഡ്രൈവർമാർ ഉൾപ്പെടെ ജൽ ജീവൻ മിഷൻ അധികൃതരെയും കരാറുകാരനെയും നിരവധി പ്രാവശ്യം അറിയിച്ചിരുന്നെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നില്ല.
പ്രദേശത്ത് രാത്രിസമയം വഴിവിളക്കുകൾ പ്രവർത്തിക്കുന്നില്ലെന്നും പറയുന്നു. ഇവിടുത്തെ അപകടാവസ്ഥ പരിഹരിക്കാൻ തയാറാകാത്ത ജൽജീവൻ മിഷൻ അധികൃതരുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മാർട്ടിൻ ജോസിനുണ്ടായ അപകടം അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.