കഞ്ചാവുമായി 19കാരൻ പിടിയിൽ
1561719
Thursday, May 22, 2025 11:33 PM IST
അടിമാലി: പാറത്തോട്ടിൽ കഞ്ചാവുമായി 19കാരൻ പിടിയിൽ. രണ്ടു കിലോഗ്രാം കഞ്ചാവുമായി കൊന്നത്തടി തെള്ളിത്തോട് പീണിക്കൽ ജോൺഫി ഡിനിലിനെയാണ് നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി പാറത്തോട്ടിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ പാറത്തോട്ടിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽനിന്നെത്തിക്കുന്ന കഞ്ചാവ് പാറത്തോട്, കമ്പിളികണ്ടം, പണിക്കൻകുടി മേഖലകളിൽ ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു. അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. മനൂപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ദിലീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത് കവിദാസ്, അബ്ദുൾ ലത്തീഫ്, മുഹമ്മദ് ഷാൻ, മുഹമ്മദ് ഹാഷിം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവരും പങ്കെടുത്തു.
കുമളി: വിൽപ്പനയ്ക്കെത്തിച്ച 700 ഗ്രാം കഞ്ചാവ് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ ടീം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കുമളി മന്നാക്കുടി സ്വദേശിയായ രാജേഷ് (48) പിടിയിലായി. ഇയാൾ കുമളി പ്രദേശത്തുള്ള ആന സവാരി കേന്ദ്രത്തിലെ ജീവിനക്കാരനാണ്. കഞ്ചാവ് ഒരു കിലോഗ്രാമിന് താഴെയായതിനാൽ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.